കയ്പമംഗലം പനന്പിക്കുന്നിൽ അപകടത്തിൽപ്പെട്ട ബൈക്ക്.
കാളമുറി: കയ്പമംഗലം പനന്പിക്കുന്നിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങിയോടി.
കാലിനു ഗുരുതര പരിക്കേറ്റ മലപ്പുറം എരമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ(45) ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാളമുറി മേൽപ്പാലം ഇറങ്ങിയശേഷം വലതുവശത്തെ സർവീസ് റോഡിലേക്കു തിരിയുന്നതിനിടെയാണ് വഴിയന്പലം മേൽപ്പാലം ഇറങ്ങി വന്ന ബൈക്കിൽ ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിലേക്ക് ബസ് എടുത്തതാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു. കയ്പമംഗലം എസ്എച്ച്ഒ കെ.ടി. ബിജിത്തിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
Tags : Accident Nattuvishesham District News