മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ കുരുതിക്കളത്തിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. റോഡരികില്‍ നിന്ന വലിയ തണല്‍മരമാണ് റോഡിന് കുറുകെ വീണത്. ഇതോടെ ഒരു മണിക്കൂറോളം ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
സംഭവ സമയത്ത് വാഹനങ്ങളോ ആളുകളോ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഏറെ തിരക്കേറിയ സമയത്ത് മരം വീണതിനാല്‍ സ്വകാര്യ വാഹനങ്ങളും ജോലിക്കായി പോകുന്നവരും ഉള്‍പ്പെടെ വഴിയില്‍ കുടുങ്ങുകയും ചെയ്തു. യാത്രക്കാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഉടന്‍തന്നെ മൂലമറ്റത്തുനിന്നു സേനാംഗങ്ങള്‍ സ്ഥലത്തെത്തി.
വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ കെഎസ്ഇബി അധികൃതരെ വിളിച്ചുവരുത്തി ലൈന്‍ ഓഫ് ചെയ്ത ശേഷം മരം മുറിച്ചു നീക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മരം റോഡരികിലേക്ക് മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ബിബിന്‍ എ. തങ്കപ്പന്, റോയി മാത്യു, കെ. സന്ദീപ്, ജയിംസ് തോമസ്, എ.ആര്. അരവിന്ദ്, കെ. പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ മുന്നുങ്കവയലില് മരം വീണതും സേന മുറിച്ചുമാറ്റിയിരുന്നു. പാലത്തിലേക്കുള്ള നടപ്പാതയിലാണ് മരം വീണത്. അതിനാല്‍ പാലംവഴി വീടുകളിലേക്ക് കടന്നുപോകുന്ന നിരവധി ആളുകള്‍ ബുദ്ധിമുട്ടിലായിരുന്നു.
അറക്കുളം പഞ്ചായത്തംഗം ലിസിമോള് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മരം മുറിച്ചുമാറ്റി ഗതാഗതതടസം ഒഴിവാക്കി.
Tags : traffic Nattuvishesham District News