ഡോ. ജോർജ് പോൾ
കോതമംഗലം: കാരുണ്യവും മികവും സമന്വയിപ്പിച്ച ആതുരസേവനത്തിലൂടെ കോതമംഗലത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ ജനകീയ ഡോക്ടർക്കു യാത്രാമൊഴി. അയനാടൻ ഡോക്ടർ എന്നറിയപ്പെടു ന്ന ചെങ്കര അയനാട്ട് ഡോ. ജോർജ് പോൾ (79) ചികിത്സ തേടിയെത്തുന്ന സാധാരണക്കാരുടെ താങ്ങും തണലുമായിരുന്നു.
കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം മാർക്കറ്റ് റോഡിലെ ആനന്ദ് നഴ്സിംഗ് ഹോം ഒരുകാലത്ത് ചികിത്സ തേടുന്ന ആയിരങ്ങളുടെ ആശ്രയമായിരുന്നു. പണം നോക്കാതെ ചികിത്സ നൽകി സന്തോഷത്തോടെ മടക്കി അയയ്ക്കുന്ന ഡോക്ടറെക്കുറിച്ചു പഴമക്കാർക്ക് അഭിമാനത്തോടെ പറയാൻ നല്ല വിശേഷങ്ങളേറെ.
ഹൈറേഞ്ച് മേഖലയിൽനിന്നുൾപ്പെടെ സാധാരണക്കാരും പാവപ്പെട്ടവരുമായ നൂറുകണക്കിനു രോഗികളാണ് ദിവസേന ചികിത്സതേടി എത്തിയിരുന്നത്. ആതുരസേവനം മാനവസേവയാക്കിയ ഡോക്ടർ ഏതാനും ആഴ്ച മുമ്പുവരെ ക്ലിനിക്കിൽ എത്തിയിരുന്നു.
ചെങ്കര അയനാട്ട് വീട്ടിൽ എ.വി. പൗലോസിന്റെയും ശോശാ പൗലോസിന്റെയും രണ്ടാമത്തെ മകനായിരുന്നു. കീരംപാറ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും എം.എ. കോളജിൽനിന്ന് ബിഎസ് സിയും നേടി. കോട്ടയം മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച ഡോ. ജോർജ് പോളിന്റെ സംസ്കാരം ഇന്നു രണ്ടിനു ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചെങ്കര മാർ ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ പള്ളിയിൽ നടത്തും. മറ്റക്കര വാക്കയിൽ കുടുംബാംഗം ലില്ലി ജോർജ് പോളാണു ഭാര്യ. ആനന്ദ് ജോർജ് (ബിസിനസ്, ഓസ്ട്രേലിയ), ഡോ. അനൂപ് ജോർജ് (യുഎസ്എ), ഡോ. അരുൺ ജോർജ് പോൾ (യുഎസ്എ) എന്നിവരാണു മക്കൾ. മരുമക്കൾ: ജൂലി ആനന്ദ് അയ്മനത്തുപറമ്പിൽ (നഴ്സ്, ഓസ്ട്രേലിയ), റീജാ അനൂപ് തൈപറാംപാട്ട് (നഴ്സ്, യുഎസ്എ).
Tags : Nattuvishesham DistrictNews