അത്തിമണി കാരികുളം ബാബു ഹൈടെക് പച്ചക്കറികൃഷിക്കൊപ്പം.
തത്തമംഗലം: അത്തിമണിയിൽ ഒരേക്കർ ഭൂമിയിൽ കർഷകൻ ഹൈടെക് പച്ചക്കറികൃഷിക്കു തുടക്കമിട്ടു. അത്തിമണി കാരികുളം ബാബുവാണ് പയറുകൃഷിയിറക്കിയത്.
പ്രദേശത്ത് ഹൈടെക് കൃഷി ആദ്യമായാണെന്നും കർഷകൻ പറഞ്ഞു. എലവഞ്ചേരി വിഎഫ്പിസികെയിൽനിന്നും കിലോയ്ക്ക് 750 രൂപ നിരക്കിൽ മൂന്നുതരം പയർവിത്ത് വാങ്ങിയാണ് കൃഷിക്കു തുടക്കമിട്ടത്.
ചെടിക്കുചുറ്റുമായി മണതിട്ടിയിൽ പോളിത്തീൻ പേപ്പർ പൊതിഞ്ഞിട്ടുണ്ട്. മൂന്നുമാസത്തെ പരിചരണത്തിൽ പയർ വിളവെടുപ്പിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷനായതിനാൽ വളവും, മരുന്നുകളും പ്രയോഗിക്കാൻ തൊഴിലാളികൾ ആവശ്യമില്ലാ ത്തതിനാൽ ചിലവു ഗണ്യമായി കുറയുമെന്നു ബാബു പ്രത്യാശിച്ചു. ഒരേക്കർ പയർ കൃഷിക്ക് മൂന്നരലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നതെന്നു ബാബു പറഞ്ഞു.
മൂന്നേക്കറോളം നെൽകൃഷി ബാബുവിനുണ്ടെങ്കിലും കൃഷിയിൽനിന്നുള്ള നഷ്ടം ഒഴിവാക്കുകയെന്ന ലക്ഷ്യമിട്ടാണ് പരീക്ഷ പച്ചക്കറികൃഷി തുടങ്ങിയത്. ബാബുവിന്റെ പച്ചക്കറികൃഷി സന്ദർശിച്ച സമീപത്തെ കർഷകരും സമാനകൃഷിരീതിയിലേക്കു തിരിയുകയാണ്.