തലശേരി: സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചതിനു പിന്നാലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വടകര മേപ്പയിൽ സ്വദേശിനി ദീപലേഖയാണ് (51) മരിച്ചത്.
ഇന്നലെ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നാലു മാസം മുന്പായിരുന്നു ദീപലേഖ സ്ഥലം മാറി ചൊക്ലിയിലെത്തിയത്.
കഴിഞ്ഞദിവസമാണ് ഇവരെ പിണറായിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് വന്നത്. വാഹനാപകടത്തിൽപെട്ട് ചികിത്സ കഴിഞ്ഞ ദീപലേഖ അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. സ്ഥലം മാറ്റമുണ്ടായതിൽ ദീപലേഖ മനോവിഷമത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ദീപലേഖയുടെ മൃതദേഹം ഇന്നു രാവിലെ 10.30 മുതൽ 11 വരെ ചൊക്ലി എഫ്എച്ച്സിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്നു വടകര മേപ്പയിലെ ഐപിഎം അക്കാദമിക്ക് സമീപമുള്ള വീട്ടിലെത്തിച്ച് 12 മുതൽ 1.30 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. നാടകപ്രവർത്തകനും നടനുമായ സുരേഷ് ബാബുവിന്റെ ശ്രീസ്ഥയുടെ ഭാര്യയാണ്. രാഘവൻ-റിട്ട. ഹെഡ് നഴ്സ് ഡയാന പേൾ ദന്പതികളുടെ മകളാണ്. അമലു എസ്. ലക്ഷ്മി മകളാണ്.
Tags :