പ്രതീകാത്മക ചിത്രം
കണ്ണൂർ: കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ വർഷങ്ങളോളം വിഹിതം അടച്ച അംഗങ്ങളുടെ പെൻഷൻ കുടിശിക തീർത്ത് നൽകാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സാധ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കൈ ബൈജുനാഥ്. ബന്ധപ്പെട്ട വകുപ്പുകളുമായി ധനസെക്രട്ടറി ഏകോപനം നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. വർഷങ്ങളോളം ക്ഷേമനിധിയിലേക്ക് വിഹിതം അടച്ചവർക്ക് അർഹമായ സമയത്ത് പെൻഷൻ നല്കാതിരിക്കുന്നത് ഭരണഘടന ഉറപ്പുനല്കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു. പെൻഷൻ ദീർഘകാലം മുടങ്ങുന്നത് വയോജനങ്ങളായ ഗുണഭോക്താക്കളെ സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സംഘർഷത്തിലേക്കും തള്ളിവിടുമെന്നും ഉത്തരവിൽ പറഞ്ഞു.
16 മാസമായി ക്ഷേമപെൻഷൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡ് അംഗങ്ങൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2025 മേയ് വരെയുള്ള പെൻഷൻ വിതരണം ചെയ്തിട്ടുള്ളതായി ബോർഡ് കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ കമ്മീഷനെ അറിയിച്ചു. കമ്മീഷനിൽ പരാതി നൽകിയിട്ടുള്ളവരിൽ ഒരാൾ മരിച്ചുവെന്നും അദ്ദേഹത്തിന് 2022 ഡിസംബർ വരെ പെൻഷൻ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ക്ഷേമനിധി പെൻഷൻ ഒരു സാമ്പത്തിക ആനുകൂല്യം മാത്രമല്ലെന്നും മറിച്ച് ഉപജീവനത്തിനും ചികിത്സാ ആവശ്യങ്ങൾക്കും ദൈനംദിന ജീവിതത്തിനും അനിവാര്യമായ സാമൂഹിക സുരക്ഷാ അവകാശമാണെന്നും ഉത്തരവിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് പെൻഷൻ വിതരണം അനിശ്ചിത കാലത്തേയ്ക്ക് വൈകിപ്പിക്കുന്നത് ക്ഷേമനിധി അംഗങ്ങളുടെ ന്യായമായ പ്രതീക്ഷകളെ ബാധിക്കുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു. ശിവപുരം സ്വദേശി ഒ. രാജയും മറ്റുള്ളവരും സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Local News Nattuvishesham Human Rights Commission