പ്രതീകാത്മക ചിത്രം
പത്തനംതിട്ട: മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതി ഗുണഭോക്തൃവിഹിതം അടക്കം ലക്ഷങ്ങൾ തട്ടി എടുത്തതിന് അറസ്റ്റിലായ ഗ്രാമസേവിക റാണി ലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ ഇന്റേണൽവിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യരാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പുസംബന്ധിച്ച പരാതിയിൽ റാണി ലക്ഷ്മിയെ കഴിഞ്ഞയാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തണ്ണിത്തോട്, ചിറ്റാർ പൊലിസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരേ നിലവിൽ കേസുകളുള്ളത്.
ഫയലുകൾ പരിശോധിച്ചതിൽ ഗുരുതരമായ കൃത്യവിലോപവും, സാമ്പത്തിക തിരിമറിയും, ധനാപഹരണവും കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ഇന്റേണൽവിജിലൻസ് ഓഫീസർ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. വിഇഒയുടെ സസ്പെൻഷനു പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങിയേക്കും. പഞ്ചായത്ത് ജീവനക്കാർക്കും ചില മെംബർമാർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിൽ ലൈഫ് ഭവനനിർമാണം, വീട് അറ്റകുറ്റപ്പണി, ഈസി കിച്ചൻ, ശുചുമുറി നിർമാണം തുടങ്ങിയവയുടെ ഗുണഭോക്തൃവിഹിതമാണ് വ്യാജ രേഖചമച്ചും മറ്റും ബന്ധുക്കളുടെ പേരിലേക്ക് വിഇഒ മാറ്റിയത്. തണ്ണിത്തോട് പഞ്ചായത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന പഞ്ചായത്തുകളിലും പരിശോധന നടത്തുകയായിരുന്നു. അറസ്റ്റിലായ റാണി ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
സമാനമായ തട്ടിപ്പുകൾ മറ്റു തദ്ദേശസ്ഥാപനങ്ങളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പദ്ധതികളിൽ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അനായാസം തട്ടിപ്പ് നടത്താം എന്നാണ് റാണി ലക്ഷ്മിയുടെ നടപടികളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. വർഷങ്ങളായി ഇവർ നടത്തിയിരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നത്. 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ വ്യക്തമായിരുക്കുന്നത്. റിമാൻഡിൽ കഴിയുന്ന വിഇഒയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഇതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ പൊലിസ് നൽകിയേക്കും.
തട്ടിപ്പിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിലേക്ക്പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ക്രമക്കേടുകളിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചിരുന്നതായും പറയപ്പെടുന്നു. റാണി ലക്ഷ്മി ഇക്കാലയളവിൽ ഭർത്താവിന്റെ പേരിൽ ടോറസ് ലോറി അടക്കം വാങ്ങി നൽകിയത് അന്വേഷണസംഘം കണ്ടെത്തി.
തട്ടിപ്പ് കൂടുതലും സീതത്തോട്ടിൽ
സീതത്തോട് പഞ്ചായത്തിൽ 51.23 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഗവി നിവാസികൾക്കു വേണ്ടി ഭൂമി വാങ്ങി സീതത്തോട്ടിൽ വീട് വയ്ക്കാൻ നടത്തിയ പദ്ധതിയിലാണ് റാണി ലക്ഷ്മിയും തട്ടിപ്പ് നടത്തിയത്. ഈ പദ്ധതി നേരത്തേതന്നെ ഏറെ വിവാദമായതാണ്.
സീതത്തോട് പഞ്ചായത്തിൽ 2024 ഡിസംബർ ആറുമുതലാണ് റാണി ലക്ഷ്മി വിഇഒയായി പ്രവർത്തിച്ചത്.. പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ വിഹിതം നൽകുന്നതിൽ കാലതാമസം കണ്ടതിനേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അന്വേഷണം നടത്തി. പട്ടിക പരിശോധിച്ചപ്പോൾ വിഇഒയുടെ മാതാവ്, ഭർത്താവ്, ഭർത്തൃ പിതാവ്, സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ പട്ടികയിൽ കണ്ടെത്തി. ഇവരുടെ പേരിൽ പലതവണ പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു
തണ്ണിത്തോട്ടിൽ പ്രാഥമികമായി രണ്ടുലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടത്. ഗുണഭോക്തൃ ലിസ്റ്റിൽ ബന്ധുക്കളുടെ പേരുകൾ തിരുകിക്കയറ്റി ഇവരുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് പണം തട്ടിയെടുത്തുവന്നത്.
തണ്ണിത്തോട്ടിലും സമാന സംഭവങ്ങളുണ്ടായപ്പോൾ പരാതി നല്കി. ഇതിനിടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നായപ്പോൾ പണം തിരികെയടച്ച് തലയൂരാൻ റാണി ലക്ഷ്മി ശ്രമം നടത്തി. തണ്ണിത്തോട് പഞ്ചായത്തിലെ ഗുണഭോക്താവായ സിനുമോനു ലഭിക്കേണ്ട പണം അടൂരിലെ മറ്റൊരു സിനുവിന്റെ അക്കൗണ്ടിലേക്കാണ് പോയത്.
തട്ടിപ്പിനു പിന്നിലുള്ള മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണം: ഡിസിസി പ്രസിഡന്റ്
കോന്നി: നിയോജക മണ്ഡല പരിധിയിൽ വിവിധ പഞ്ചായത്തുകളിൽ ലൈഫ്മിഷൻ പദ്ധതിയുടെ പേരിലുണ്ടായിട്ടുള്ള സാന്പത്തിക തിരിമറി കേസുകളിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ. തണ്ണിത്തോട്ടിൽ കോൺഗ്രസ് നേതാവ് കെ.എ. കുട്ടപ്പൻ അനുസ്മരണ യോഗത്തിൽ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സ്ഥാനമോ പദവിയോ നോക്കാതെ നടപടിയുണ്ടാകും. ഏതെങ്കിലും സർക്കാർ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജോയിക്കുട്ടി ചേടിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റോയിച്ചൻ എഴിക്കകത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ദേവകുമാർ, അജയൻപിള്ള അനിയക്കനാട്ട്, കെ.എൻ. സോമരാജൻ, കെ.വി. ശമുവേൽ, സി.ടി. ജോയി, കെ.ആർ. ഉഷ, ബെസി ഡാനിയേൽ, ജോൺ കിഴക്കേതിൽ, എൽ.എം. മത്തായി, കെ.വി. അനീഷ്, ഇടിച്ചാണ്ടി മാത്യു, എ.ഒ. കണ്ണൻ, ജോയിക്കുട്ടി, ശശിമോഹൻ എന്നിവർ പ്രസംഗിച്ചു.