പോത്തൻകോട്: കഠിനംകുളം കായലിൽ മത്സ്യ സമ്പത്ത് കുറയുന്നു; മത്സ്യ തൊഴിലാളികൾ ആശങ്കയിൽ. കഠിനംകുളം പഞ്ചായത്തിലെ കായലിൽ ഒരു കാലത്ത് നല്ല നിലയിൽ മത്സ്യബന്ധനം പുരോഗമിച്ചിരുന്നുവെങ്കിലും ഇപ്പോൾ തൊഴിലാളികൾ പോരാട്ടത്തിന്റെ നിഴലിലാണ്. പരമ്പരാഗത വ്യവസായത്തിനന്റെ പഴയ മഹത്ത്വം തിരികെ കൊണ്ടുവരാൻ അധികാരികൾ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു വെങ്കിലും എങ്ങുമെത്തിയില്ല.
ജില്ലയിലെ പലഭാഗത്തുനിന്നും കായൽമീൻ വാങ്ങുവാൻ ആളുകൾ കൂട്ടമായി കഠിനംകുളം പ്രദേശത്ത് എത്തിയിരുന്നു. ഇപ്പോൾ അഴൂർ പാലത്തിന്റെ തെക്ക് ഭാഗത്തായി മൂന്നുകിലോമീറ്റർ ചുറ്റളവിൽ മണ്ണിടിഞ്ഞ് ഒരു ദ്വീപായി മാറി. രണ്ടു വർഷമായി കായലിലെ മത്സ്യബന്ധനം കാര്യമായി നടക്കുന്നില്ല. കടലിൽനിന്നും കായലിലേയ്ക്ക് മീൻ കയറിയിരുന്നു ഏകദേശം മൂന്നു കിലോമീറ്ററോളം മണ്ണ് കുന്നുകൂടി കിടക്കുന്നതിനാൽ വെള്ളത്തിന്റെ വരവ് നിൽക്കുകയും മീനിന്റെ ലഭ്യത കുറയുകയും ചെയ്തു.
നിലവിൽ നൂറ്റിപത്ത് വള്ളങ്ങളാണ് കായൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നത്. മൂന്ന് തൊഴിലാളികളാണ് ഒരു വള്ളത്തിൽ പോകുന്നത്. മുന്നൂറോളം കുടുംബങ്ങൾ ഇതു കൊണ്ട് ജീവിക്കുന്നുമുണ്ട്. മുൻപ് ആളൊന്നിന് 2000 രൂപ വരുമാനം കിട്ടിയിരുന്നെങ്കിൽ ഇന്ന് 500 മുതൽ 1000 രൂപ വരെയായി കുറഞ്ഞു.
2012-ൽ ഹാർബർ പ്രവർത്തനം തുടങ്ങിയ ശേഷം ബോട്ടുകൾ കായലിൽ കയറുന്നതിനാൽ കരിമീൻ, കൊഞ്ച് ഇവയൊന്നും മുട്ടയിടാനായി കായലിലേക്ക് വരുന്നില്ല. ഇതെല്ലാം നശിക്കുകയാണെന്നു മത്സ്യ തൊഴിലാളികൾ പറഞ്ഞു. പെരുങ്ങൂഴി മുതൽ പെരുമാതുറ വരെ പത്തടിയെങ്കിലും താഴ്ചയിൽ ദ്വീപായി കിടക്കുന്ന മണൽ മാറ്റിയാൽ കടലും കായലും ഒരുമിച്ചൊഴുകും. അധികൃതരുടെ ശ്രദ്ധ ഉണ്ടായാൽ അഴൂർ, പെരുങ്കുഴി, പെരുമാതുറ കഠിനംകുളം ഭാഗങ്ങളിലെ മത്സ്യബന്ധന തൊഴിലാളികളുടെ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും.