അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ദർശനത്തിരുനാളിന് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റുന്നു.
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശനത്തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റ് കർമം നിർവഹിച്ചു. ആധ്യാത്മിക പിതാവ് ഫാ. ഏബ്രഹാം കാടാത്തുകളം, അസി. വികാരിമാരായ ഫാ. വിപിൻ കട്ടത്തറ, ഫാ. ടോണി മണക്കുന്നേൽ, ഫാ. മാർട്ടിൻ നീളപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു.
ഇന്നലെ വൈകുന്നേരം പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം പള്ളിക്കുള്ളിൽ പ്രതിഷ്ഠിച്ചു. ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്നായിരുന്നു കൊടിയേറ്റ്.
കൈക്കാരന്മാരായ ജോൺസൺ ജോസഫ് തോട്ടത്തിൽ, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, സാബു ജോസഫ് നിരവത്ത്, ഷാജി തോമസ് പുല്ലുകാലാ, പാരീഷ് കൗൺസിൽ സെക്രട്ടറി സോജൻ കണ്ണാശേരിൽ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുനാൾ തിരുക്കർമങ്ങൾക്കു മുമ്പായി എല്ലാ ദിവസവും വൈകുന്നേരം മൂന്നു മുതൽ അഞ്ചു വരെ അഖണ്ഡ ജപമാല നടക്കും.
ഇന്ന് രാവിലെ ഏഴിന് എലക്തോർ വാഴ്ച, വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ജയിംസ് ചെരുവിൽ. വചനസന്ദേശം - ഫാ. സിറിയക്ക് കോട്ടയിൽ.
ഇടവകദിനാചരണം ഇന്ന്
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക ദിനാചരണം ഇന്നു നടക്കും. വൈകുന്നേരം 6.30ന് സെന്റ് സെബാസ്റ്റ്യൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിക്കും. നാട്ടകം സുരേഷ് എംഎൽഎ, അസി. വികാരി ഫാ. വിപിൻ കട്ടത്തറ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ മർക്കോസ്, ഷാജി തോമസ് എന്നിവർ പ്രസംഗിക്കും. വിവാഹത്തിന്റെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന ഇടവകാംഗങ്ങളായ ദമ്പതിമാരെയും വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച ഇടവകാംഗങ്ങളെയും ആദരിക്കും.
Tags : District News Nattuvishesham Flag hoisted Darshana Feast Athirampuzha Church