കൊല്ലം: നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദേശീയപാത അഥോറിറ്റിയോട് മന്ത്രിയും സ്ഥലം എംഎൽഎയുമായ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ദേശീയ പാതയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിവാക്കാൻ ഓടകൾ നിർമിക്കുമെന്നു മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കു വേണ്ടി അടച്ച കല്ലുംതാഴം റോഡ് ഒരു മാസത്തിനുള്ളിൽ തുറക്കും. റെയിൽവേ ഓവർ ബ്രിഡ്ജിന്റെ പണി അതിനുള്ളിൽ പൂർത്തിയാക്കുമെന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
റോഡ് തുറക്കുന്നത്തോടെ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ മൂന്നു മന്ത്രിമാരും ചേർന്നു ദേശീയപാത നിർമാണ പുരോഗതി വിലയിരുത്തി വീഴ്ചകൾ ഉണ്ടായാൽ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി.
നിർമാണ പുരോഗതി വിലയിരുത്താൻ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല യോഗവും ചേരും.ദേശീയപാത 66ൽ നിർമാണം നടക്കുന്ന കുരിപ്പുഴ പാലം, യുണിവേഴ്സിറ്റി, കുരീപ്പുഴ പള്ളി, കൊച്ചാലുംമുട് അണ്ടർപാസ്, നീരാവിൽ പാലം, കടവുർ ജംഗ്ഷൻ, മങ്ങാട് പാലം, മണാട് മാർക്കറ്റ് ജംഗ്, കല്ലുംതാഴം എന്നിവിടങ്ങളിൽ മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ജില്ലാ കളക്ടർ ആനി ജൂല തോമസ് , ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, കോർപറേഷൻ കൗൺസിലർമാർ എന്നിവർ മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. പ്രദേശവാസികളുടെയും വ്യാപാരികളുടെയും പരാതിയും മന്ത്രി ബിന്ദു കൃഷ്ണ കേട്ടു. ദേശീയപാത നിർമാണം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ തന്നെ നേരിട്ട് അറിയിക്കണമെന്നും മന്ത്രി നാട്ടുകാരോട് പറഞ്ഞു.
Tags : nattu vishesham National Highway 66 will be resolved