പ്രതീകാത്മക ചിത്രം
കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെ നടത്തിയ പരിശോധനകളെ തുടർന്ന് ഈടാക്കിയത് 4,16,000 രൂപ പിഴ. ജില്ലാ കലക്ടർ ആനി ജൂല തോമസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഭക്ഷ്യസുരക്ഷാ അവലോകന യോഗത്തിലാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ ഇത് സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്. ഗുരുതര ന്യൂനതകൾ കണ്ടെത്തിയ 122 സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കുന്നതിന് നോട്ടീസ് നൽകി. ഇവയിൽ 111 സ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന 23 സ്ഥാപനങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്പ്പിച്ചു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 253 സ്ഥാപനങ്ങൾക്ക് കർശന നിർദേശത്തോടെ നോട്ടീസ് നൽകിയിട്ടുണ്ട്.
2148 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 1016 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 22 സാമ്പിളുകൾ സുരക്ഷിതമല്ലാത്തതായും 17 സാമ്പിളുകൾ ഗുണനിലവാരം കുറഞ്ഞതായും ഒമ്പത് സാമ്പിളുകളിൽ ലേബൽ വിവരങ്ങൾ അപൂർണമായും കണ്ടെത്തി. ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തോടനുബന്ധിച്ച് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സേഫ് ഓണം 2026 എന്ന പേരിൽ ഭക്ഷ്യ സംരംഭകർക്കായുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ കുട്ടികളിൽ ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആരോഗ്യത്തളിക എന്ന വിഷയത്തിലൂന്നി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും നിർദേശിച്ചു. അങ്കണവാടികളിലൂടെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക ശ്രദ്ധ വേണമെന്ന് കളക്ടർ പറഞ്ഞു.
യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ വി സിന്ധു, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു കെ ഒ, തിരുവനന്തപുരം സർക്കാർ അനലിസ്റ്റ്സ് ലബോറട്ടറി റിസർച്ച് ഓഫീസർ ബി. സുനിജ, കൊല്ലം സിറ്റി ഇൻസ്പെക്ടർ ബി .കെ.സുനിൽ കൃഷ്ണൻ , അസിസ്റ്റന്റ് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ തൻസി ഷെരീഫ്, ഐസിഡിഎസ് ജൂനിയർ സൂപ്രണ്ട് സ്മിത സി, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags :