വിദ്യാര്‍ഥികള്‍ക്കായി പെനാല്‍റ്റി ഷൂട്ട് ഔട്ട്
മൂവാറ്റുപുഴ: ലോകകപ്പ് ഫുട്ബോള്‍ ആവേശം കുട്ടികളിലും പൊതുജനങ്ങളിലും എത്തിക്കുവാനും കുട്ടികളെ ലഹരിയുടെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുവാനും അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂളിന്റെയും മേമടങ്ങ് ഹൈസ്കൂളിന്റെയും നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.
ആരക്കുഴ പഞ്ചായത്തംഗം അനുമോള്‍ ജോബിഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് അനീഷ് കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആവോലി പഞ്ചായത്തംഗം ഷിന്‍സ് പുളിക്കായത്ത്, പ്രധാനാധ്യാപിക ലൗഷ സിറിയക്ക്, അധ്യാപകരായ തോമസ് കുര്യന്, എലിസബത്ത് ജോര്‍ജ്, പിടിഎ അംഗങ്ങളായ ജോളി വര്‍ഗീസ്, ഡി. ജയന് എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം മൂവാറ്റുപുഴ ബ്ലോക്ക് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജിനു ജോര്‍ജ് നിര്‍വഹിച്ചു.
ഫുട്ബോൾ ലഹരിയിൽ പിറവം സെന്റ് ജോസഫ്സ്
പിറവം: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട്, യുവതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വേറിട്ടൊരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു .
ഫുട്ബോൾ ആണ് ലഹരി - എന്ന സന്ദേശവുമായി കിക്ക് ഓഫ് 2026- സെന്റ് ജോസഫ്സ് എന്ന പേരിൽ സൗഹൃദ ഫുട്ബോൾ പ്രദർശന മത്സരവും പെനാൽറ്റി ഷൂട്ടൗട്ടും സ്കൂൾ ഗ്രൗണ്ടിൽ നടത്തി. സ്കൂൾ മാനേജർ ഫാ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രീസി പൗലോസ്, കായിക അധ്യാപകൻ ബിച്ചു കുര്യൻ തോമസ്, അധ്യാപകർ, അനധ്യാപകർ, സ്കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
തൃക്കളത്തൂരിൽ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ച് അർജന്റീന ഫാൻസ്
മൂവാറ്റുപുഴ: ഫുട്ബോള്‍ ലോകകപ്പിന് ആവേശമുണര്‍ത്തി തൃക്കളത്തൂര്‍ സൊസൈറ്റിപ്പടി അര്‍ജന്റീന ഫാന്‍സ് ടീം കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞ തവണ അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ വന്‍ ആഘോഷ പരിപാടികളാണ് തൃക്കളത്തൂര്‍ സൊസൈറ്റിപ്പടി ഫാന്‍സ് നടത്തിയത്.
ഇത്തവണയും മെസിയുടെ നേതൃത്വത്തിലുള്ള ടീം ഫുട്ബോള്‍ വേള്‍ഡ് കപ്പ് നേടുമെന്ന ഉറച്ച വിശ്വാസമാണ് ഉള്ളതെന്നും അതുകൊണ്ട് തന്നെയാണ് ടീം അര്‍ജന്റീനയുടെ മനോഹരമായ എല്‍ഇഡി ബോര്‍ഡ് സ്ഥാപിച്ചതെന്നും ഇവർ പറഞ്ഞു.