കണ്ണൂർ: കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ഭിന്നശേഷിക്കാർക്ക് കൂടി ബാധകമാക്കണമെന്ന് ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡിഎപിസി) ജില്ലാ പ്രസിഡന്റ് കെ.എൻ. ആനന്ദ് നാറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ 20000 രൂപയോ അതിൽ കുറവോ വാർഷിക വരുമാനമുള്ള ഭിന്നശേഷിക്കാർക്ക് മാത്രമാണ് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയ്ക്ക് അർഹത ലഭിക്കുന്നുള്ളൂ. അതിനാൽ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള ഭൂരിഭാഗം പേർക്കും നിലവിൽ സൗജന്യ യാത്ര അനുവദനിയമല്ല.
കെഎസ്ആർടിസി അതിവേഗബസുകളിലും സ്വിഫ്റ്റ്, ബജറ്റ് ടൂറിസം തുടങ്ങിയ സർവീസുകളിലും യുഡിഐഡി കാർഡുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും പ്രായ വരുമാന ഭേദമന്യേ 25 ശതമാനം നിരക്ക് ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎപിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.എൻ. ആനന്ദ് നാറാത്ത് മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
Tags : Nattuvishesham Local News Free travel KSRTC