സ്വദേശമായ കർണാടകയിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്ന ശിവാനിയ സഹോദരൻ മല്ലയ്യ, സഹോദരഭാര്യ ലക്ഷ്മി, അമല ഭവൻ അധികൃതർ എന്നിവർക്കൊപ്പം.
കണ്ണൂർ: നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശിവാനിയ (42) യുടെ കർണാടകയിലെ കുടുംബ ത്തെ കണ്ടെത്തി നല്കി അമല ഭവൻ അധികൃതർ. കഴിഞ്ഞ ഒന്പതു വർഷമായി മേലെ ചൊവ്വ അമല ഭവൻ അധികൃതരുടെ സംരക്ഷണയിലായിരുന്നു മാനസിക പ്രയാസമുണ്ടായിരുന്ന ശിവാനിയ കഴിഞ്ഞിരുന്നത്. നിരാലംബരായ സ്ത്രീകളെ സംരക്ഷിക്കുന്ന അമല ഭവനിൽ 2017 ലാണ് ശിവാനിയ എത്തുന്നത്.
മാനസിക പ്രശ്നങ്ങളുമായി അലഞ്ഞുനടക്കുകയായിരുന്ന ശിവാനിയയെ സിറ്റി പോലീസാണ് അമല ഭവനിൽ എത്തിച്ചത്. കാപ്സ് ആൻഡ് ദാസ് ട്രസ്റ്റ് സ്ഥാപനമായ അമല ഭവന്റെ നടത്തിപ്പ് ചുമതല എഫ്സിസി സിസ്റ്റേഴ്സിനാണ്. വർഷങ്ങൾക്ക് മുമ്പ് മാനസികമായി തളർന്ന് അമല ഭവനിലെത്തിയ ശിവാനിയയ്ക്ക് കൃത്യമായ പരിചരണവും ചികിത്സയും നല്കി സിസ്റ്റർമാർ രോഗം സുഖപ്പെടുത്തുകയായിരുന്നു.
അസുഖം ഭേദമായതോടെ നാട്ടിൽ പോകണമെന്ന ആഗ്രഹം ശിവാനിയ സിസ്റ്ററെ അറിയിച്ചു. കർണാടക -ആന്ധ്ര സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ റായ്ച്ചൂർ സ്വദേശിനിയാണ് ശിവാനിയ. അമല ഭവൻ അധികൃതർ കർണാടകയിലെ സിസ്റ്റേഴ്സുമായി നടത്തിയ അന്വേഷണ ത്തിനൊടുവിലാണ് ശിവാനിയയുടെ കുടുംബത്തെ കണ്ടെത്തിയത്. വർഷങ്ങളായി ശിവാനിയയ്ക്ക് പിറകെയായിരുന്നു അവളുടെ കുടുംബവും. അന്വേഷിച്ചു മടുത്തതോടെ അവൾക്ക് മരണം സംഭവിച്ചിരിക്കാം എന്നാണ് കുടുംബം കരുതിയിരുന്നത്.
പ്രസവ ശേഷം മാനസികമായി തളർന്ന ശിവാനിയ ആരുമറിയാതെ 11 വർഷം മുന്പ് നാട്ടിൽ നിന്ന് ഇറങ്ങി പോയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവിടെ ശിവാനിയ എന്ന പേരിൽ അറിയപ്പെടുമ്പോൾ നാട്ടിൽ ശിവമ്മ എന്നാണ് വിളിപ്പേര്. ബുധനാഴ്ചയാണ് ശിവാനിയയുടെ കുടുംബത്തെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കുടുംബം ശിവമ്മയെ തേടി കണ്ണൂരിലേക്ക് പുറപ്പെടുക യായിരുന്നു.
ഇന്നലെ അമല ഭവനിലെത്തിയ സഹോദരൻ മല്ലയ്യയും ഭാര്യ ലക്ഷ്മിയും അടങ്ങിയ കുടുംബം ഉച്ചയ്ക്ക് ഒന്നരയോടെ ശിവാനിയയുമായി നാട്ടിലേക്ക് തിരിച്ചു. ഇവർക്കൊപ്പം പോലീസുകാരനും ഉണ്ടായിരുന്നു. ശിവാനിയയ്ക്ക് ഇതുവരെ സ്നേഹവും ഭക്ഷണവും നല്കി പരിപാലിച്ച സിസ്റ്റർമാർക്ക് ഇനി തങ്ങൾ ആവശ്യമായ പരിചരണവും ചികിത്സയും കൃത്യമായി നൽകുമെന്ന് ഉറപ്പു നല്കിയാണ് കുടുംബം അവരെ കൂട്ടിക്കൊണ്ടുപോയത്.
ബ്രദർ ജോസഫ് ചാരുപ്ലാക്കൽ ആണ് അമലാ ഭവൻ ഡയറക്ടർ, സിസ്റ്റർ മരീന എഫ്സിസിയാണ് മാനേജർ, സിസ്റ്റർ ഡെയ്സി ജോൺ, സിസ്റ്റർ ജിസ്മരിയ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നത്. നിലവിൽ 91 സ്ത്രീകളുടെ അഭയ കേന്ദ്രമാണ് ഇന്ന് അമല ഭവൻ.