ആലപ്പുഴ: അധികാരക്കൊതി മൂത്ത് സിപിഎമ്മിനെയും ബഹുജനസംഘടനാ നേതാക്കളെയും ആക്രമിക്കുന്ന ജി. സുധാകരൻ പൊളിറ്റിക്കൽ സൈക്കോ പാത്താണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ. ഫേസ്ബുക്ക് കുറിപ്പിലാണ് അധിക്ഷേപം.
നാലു പതിറ്റാണ്ടുകളോളം ജില്ലയുടെ നേതാവായി പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്ത് നേതൃത്വനിരയിലേക്ക് ഒരു നേതാവിനെയും ഉയർത്തിക്കൊണ്ടുവന്നിട്ടില്ല. ഒട്ടനവധി വിദ്യാർഥി-യുവജന നേതാക്കളുടെ ഭാവി തന്നെ തകർത്തു. തനിക്ക് കീഴ്പ്പെടുന്നവരും തന്റെ പെട്ടിതാങ്ങുന്നവരും മാത്രം സിപിഎമ്മിലും വർഗബഹുജന സംഘടനകളിൽ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.
വിദ്യാർഥി യുവജനരംഗത്ത് ജി. സുധാകരൻ വളർത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിലെ ഒരുനേതാവിന്റെ പേരെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ...? എച്ച്.സലാം, കെ.ടി. മാത്യു, മനു സി. പുളിക്കൽ, ആർ.രാഹുൽ, അനസ് അലി ഇങ്ങനെ എടുത്തുപറയാൻ കഴിയുന്ന നേതാക്കളെ വെട്ടിയൊതുക്കിയത് തനിക്കു മുകളിൽ ആരും വരരുതെന്നുള്ള സുധാകരന്റെ നിലപാടുകളായിരുന്നു.
മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന സി.എസ്. സുജാതയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സംസ്ഥാന നേതൃത്വനിരയിലേക്ക് വന്നത് സജി ചെറിയാൻ സംസ്ഥാന നേതാവായതിനുശേഷമാണ്. വായിൽതോന്നുന്നത് വിളിച്ചുപറയുമ്പോൾ താൻ ചെയ്ത ഹീന പ്രവർത്തികളെ സംബന്ധിച്ച് ഞങ്ങൾക്കും പറയേണ്ടിവരും. അതൊക്കെ പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. അത് ഓർമയുണ്ടാവണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Tags : G. Sudhakaran nattuvishesham local news