ഏനാത്ത് കടവിലേക്കുള്ള വഴിയുടെ പരിസരത്തെ മാലിന്യക്കൂമ്പാരം
അടൂർ: കല്ലടയാറിന്റെ ഏനാത്ത് കടവിലേക്ക് ഇറങ്ങുന്ന വഴിക്ക് സമീപം മാലിന്യം തള്ളൽ വ്യാപകം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ചാക്കുകണക്കിനാണ് റോഡരികിൽ തള്ളുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനെത്തുന്ന തെരുവുനായ്ക്കൾ പ്രദേശത്ത് വ്യാപകമായി തമ്പടിക്കുന്നുണ്ട്.
ഇളങ്ങമംഗലം ഭാഗത്തുള്ളവർക്ക് ഏനാത്തേക്ക് എത്താനുള്ള എളുപ്പവഴികൂടിയാണിത്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളുടെ യാത്രാവഴികൂടിയാണിത്. തെരുവുനായശല്യം കാരണം കുട്ടികൾക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്. വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഏഴംകുളം പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കുറച്ചുദിവസം മുൻപ് തുടങ്ങിയിരുന്നു. ആറ്റുതീരത്തേക്കുള്ള റോഡിന്റെ വശം മുഴുവൻ കാടുപിടിച്ച് കിടക്കുകയാണ്. വൈദ്യുതി പോസ്റ്റിലേക്ക് വലിയ രീതിയിൽ കാട് വളർന്ന് കയറിയിട്ടുണ്ട്. ഈ ഭാഗം വൃത്തിയാക്കുന്നതിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.