കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ പോലീസ് പിടികൂടി. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പ് സിസി 5/311ൽ അനീഷി(അട്ടാണി അനീഷ് - 43)നെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം എറണാകുളം എംജി റോഡിലുള്ള ടീ ഷോപ്പിൽ അനീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഒരു യുവാവിനെ മർദിച്ച കേസിൽ സെൻട്രൽ പോലീസ് ഇയാളെ തൃശൂരിലുള്ള ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു യുവാവിനെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയി മർദിച്ച് അത് റിക്കാർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
സംഭവത്തിൽ സെൻട്രൽ പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിലായിരുന്ന പ്രതി ഇന്നലെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പോലീസ് ഇയാളുടെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. നിരവധി പേരെ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നതായും എന്നാൽ പലരും പരാതിയുമായി വരാറില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദ അന്വേഷണം ആരംഭിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം പ്രത്യേക ടീമിനെ രൂപീകരിച്ച് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രേമാനന്ദ കൃഷ്ണൻ, സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തിളുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Ernakulam