കൊച്ചി: കാക്കനാട് മാവേലിപുരം ഓണം പാര്ക്കിന് സമീപം സൈക്കിള്‍ ചവിട്ടുന്നതിനിടെ റോഡില്‍ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് റിഹാന കാതറിന് ആന്‍ഡ്രൂസ് എന്ന ബാലിക മരിച്ച സംഭവം തൃക്കാക്കര നഗരസഭാ ജീവനക്കാരുടെ അനാസ്ഥ കാരണം സംഭവിച്ച അപകടമാണെന്ന പരാതിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ആര്‍ഡിഒ അല്ലെങ്കില്‍ സബ് കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥലപരിശോധന നടത്തണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് കമ്മീഷന് നിര്‍ദേശം നല്കി. കളക്ടര്‍ തെരഞ്ഞെടുക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസും പിഡബ്ല്യുഡി എന്‍ജിനീയറും സ്ഥലപരിശോധനയില്‍ പങ്കെടുക്കണം. പൊതുവഴിക്ക് സംരക്ഷണ ഭിത്തി നിര്മിക്കാത്തതുകാരണമാണ് അപകടം സംഭവിച്ച് ബാലിക മരിക്കാനിടയായത് എന്ന ആരോപണത്തിന്റെ നിജസ്ഥിതി ഉദ്യോഗസ്ഥ സംഘം പരിശോധിക്കണം.
സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കില്‍ 20 അടി താഴ്ചയിലേക്ക് കുട്ടി പതിക്കുന്നത് ഒഴിവാക്കാമായിരുന്നോ എന്നും പരിശോധിക്കണം. മണ്ണിട്ട് ഉയര്‍ത്തിയ പാര്‍ക്ക് റോഡും അപകടം നടന്ന താഴ്ന്നഭാഗവും തമ്മിലുള്ള പൊക്കത്തിന്റെ അളവ് എത്രയെന്ന് കണ്ടെത്തണം. അപകടം നടന്ന സ്ഥലത്തിന്റെ ചിത്രങ്ങളും ഹാജരാക്കണം. അപകടത്തിന് ശേഷം നഗരസഭ സ്വീകരിച്ച സംരക്ഷണ നടപടികളും അറിയിക്കണം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ നാലാഴ്ചയ്ക്കകം കമ്മീഷനില്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുട്ടിയുടെ മാതാപിതാക്കളുടെ വിലാസവും സമര്‍പ്പിക്കണം.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും തൃക്കാക്കര നഗരസഭാ സെക്രട്ടറിയും നാലാഴ്ചയ്ക്കകം പ്രത്യേകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് നിർദേശിച്ചു. ആര്‍ഡിഒ, നഗരസഭാ സെക്രട്ടറി, തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പ്രതിനിധി എന്നിവര്‍ ഓഗസ്റ്റ് 10 ന് രാവിലെ 10 ന് പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണം.
റിഹാന കാതറിന് ആന്‍ഡ്രൂസ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അപകടത്തില്‍ മരിച്ചത്. റിഹാന പതിച്ച അപകട ഗര്‍ത്തത്തിന് സുരക്ഷാവേലി ഒരുക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം അധികൃതര്‍ ചെവികൊണ്ടില്ലെന്ന് പരാതിയുണ്ട്. മാവേലിപുരം ഓണം പാര്ക്കിന് സമീപത്തെ റോഡ് 15 മീറ്ററോളം മണ്ണിട്ട് ഉയര്‍ത്തിയപ്പോഴാണ് അപകടഭീഷണിയുണ്ടായത്.
Tags : Local News Nattuvishesham Ernakulam