സവിത
കണ്ണൂർ: എളയാവൂരിൽ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. ആറ്റടപ്പ സ്റ്റാർ നിവാസിൽ എം.കെ. സവിത (48) യാണ് പിടിയിലായത്. ഒളിവിൽ കഴിയവേ പയ്യന്നൂരിൽ നിന്നാണ് പ്രതിയെ കണ്ണൂർ ടൗൺ എസ്ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും പിടികൂടിയത്. സവിതയുടെ ഭർത്താവ് എളയാവൂർ സൗത്ത് വടക്കേച്ചാലിൽ ഹൗസിലെ എ.ഷിനേഷ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ജൂൺ എട്ടിന് രാവിലെ ഒന്പതിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം. കിഴുത്തള്ളിയിലെ പുഷ്പയുടെ വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ സ്വർണമാലയാണ് മോഷ്ടിച്ചത്. വീടിന്റെ മുകളിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതികൾ അതിക്രമിച്ചു കയറിയാണ് മോഷണം നടത്തിയത്. പ്രതി അവിടെ വീട്ടുജോലിയും ചെയ്തിരുന്നു. ഇതിനിടെയാണ് മോഷണം നടത്തിയത്.
മോഷ്ടിച്ച സ്വർണം ആദ്യം ബാങ്കിൽ പണയം വയ്ക്കുകയും തുടർന്ന് കണ്ണൂരിലെ ജ്വല്ലറിയിൽ വിൽക്കുകയുമായിരുന്നു. മോഷണമുതൽ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. എഎസ്ഐ ഗോപകുമാർ , ഉദ്യോഗസ്ഥരായ ലതീഷ് , വിനിൽ, പ്രവിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.