രാഹുൽ രാധാകൃഷ്ണൻ
ചാരുംമൂട്: ചുനക്കര കോമല്ലൂരിലെ ശ്രീലകം ഫൈനാൻസിൽ സ്വർണം തിരിമറിനടത്തി രണ്ടു കോടിയോളം രൂപ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതിയായ യുവമോർച്ച നേതാവ് പൊലിസിൽ കീഴടങ്ങി. യുവമോർച്ച ജില്ലാ സെക്രട്ടറിയും ചുനക്കര കോമല്ലൂർ സ്വദേശിയുമായ രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് പറഞ്ഞു. ഒന്നാം പ്രതിയും ഫൈനാൻസ് ഉടമയുമായ ഭരണിക്കാവ് മൂന്നാംകുറ്റി വലിയതറയിൽ രാധാകൃഷ്ണപിള്ള (50) രണ്ടാഴ്ച മുമ്പ് കുറത്തികാട് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഇയാൾ റിമാൻഡിലാണ്. കേസിലെ രണ്ടാം പ്രതിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ ചുനക്കര നടുവിലേമുറി മണക്കാട്ടുശേരിൽ വീട്ടിൽ ടിനു തമ്പാനെ (38) നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്.
പ്രതികൾ മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സ്ഥാപനത്തിൽ ആളുകൾ പണയം വച്ച സ്വർണാഭരണങ്ങൾ മൂവരും ചേർന്ന് തിരിമറി നടത്തി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പണയം വച്ച് വഞ്ചിതരായ കറ്റാനം സ്വദേശിനി സുമാ വിനോദ്, കരിമുളയ്ക്കൽ സ്വദേശിനി സുബീന, കോമല്ലൂർ സ്വദേശിനി സരസ്വതിയമ്മ എന്നിവരായിരുന്നു ആദ്യ പരാതിക്കാർ. പിന്നീട് ഒട്ടേറെപ്പേർ പരാതിയുമായി പൊലിസിനെ സമീപിച്ചു.
മറ്റു ധനകാര്യസ്ഥാപനങ്ങളിൽ പണയംവച്ച സ്വർണ ഉരുപ്പടികൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് തങ്ങളുടെ സ്ഥാപനത്തിലേക്കു മാറ്റിവപ്പിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് ഇടപാടുകാർ പറയുന്നു. വായ്പ തുക കൃത്യമായി അടച്ചവർക്കു പോലും സ്വർണം തിരികെ നൽകാതെ വന്നതോടെയാണ് തട്ടിപ്പു പുറത്തായത്. തട്ടിപ്പിനെത്തുടർന്ന് അടച്ചുപൂട്ടിയ ശ്രീലകം ഫൈനാൻസിന്റെ കോമല്ലൂർ, ഇല്ലത്തുമുക്ക് ശാഖകളിൽ പൊലിസ് പരിശോധന നടത്തിയിരുന്നു. സ്ഥാപനങ്ങൾ പൊലിസ് മുദ്ര വച്ചിരിക്കുകയാണ്.
സ്വർണപ്പണയ തട്ടിപ്പ് ആസൂത്രണം ചെയ്തത് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണെന്ന് റിമാൻഡിലുള്ള ജീവനക്കാരി ടിനു തമ്പാൻ പൊലിസിന് മൊഴി നൽകിയിട്ടുള്ളത്.
ചുനക്കര കേന്ദ്രീകരിച്ചുള്ള ശ്രീലകം ഫിനാൻസുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ഡിവൈഎസ്പിക്കും കുറത്തിക്കാട് പൊലിസിനും നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായ രാഹുൽ രാധാകൃഷ്ണന്റെ ഇടപെടലിലൂടെയാണ് തട്ടിപ്പുകൾ നടന്നതെന്ന് പൊലിസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രതികൾ ചേർന്ന് 100 പവനോളം സ്വർണം തട്ടിയെടുത്തതായാണ് പൊലിസ് പറയുന്നത്.
Tags : NattuVishesham.DistricteNews