കൊച്ചി: നല്ല കമ്യൂണിസ്റ്റുകള്‍ ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എറണാകുളം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്കിയ സ്വീകരണ യോഗം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷികള്‍ക്കപ്പുറം നിരവധി വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ബഹുഭൂരിപക്ഷം സഹയാത്രികരും ഇത്തവണ യുഡിഎഫിനൊപ്പം അണിചേര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എന്നത് ഒരു കൂട്ടം രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടം മാത്രമല്ലെന്നും, ടീം യുഡിഎഫിന്റെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിലും എല്‍ഡിഎഫിലും ഉള്ള പ്രതീക്ഷകള്‍ നഷ്ടമായപ്പോള്‍, ഇനി യുഡിഎഫിന് മാത്രമേ കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനാകൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപംകൊടുത്ത മിഷന് 25 പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ലെന്നും വിചാരിച്ചതുപോലെ വിജയം നേടാനായയില്ലെങ്കിലും എഴുപത് ശതമാനത്തോളം പൂര്‍ത്തീകരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥികളെയും പാര്‍ട്ടിയുടെ ജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിപക്ഷ നേതാവ് നന്ദി അറിയിച്ചു.
ജനുവരി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
കേരളത്തിന് സമഗ്രമായ മാറ്റമാണ് ഇനി ആവശ്യം. സാമ്പത്തികമായി തകര്‍ന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ഖജനാവ് നിറയ്ക്കണം, ആരോഗ്യ കേരളത്തിന് ആരോഗ്യം പകരുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കണം, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉന്നമനപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് യുവാക്കളുടെ വിദേശ പലായനം തടയണം, കാര്‍ഷിക രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കണം തുടങ്ങി വിവിധങ്ങളായ പദ്ധതികളുമായി ജനുവരി മുതല്‍ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തുടക്കം മിഷന് 2026 ന് തുടക്കമായി.
Tags : nattu vishesham V.D. Satheesan voted for UDF