ഹരിപ്പാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹരിപ്പാട് പള്ളിപ്പാട്ടെ വാടകവീട്ടിൽനിന്ന് പോലീസ് പിടികൂടിയ തിമിംഗല ഛർദി (അംബർഗ്രിസ്) കേസിൽ വനംവകുപ്പ് കേസെടുക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം റാന്നി ഫോറസ്റ്റ് ഡിവിഷനാണ് ഒളിവിൽ പോയ പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് നേരിട്ട് അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നത്.
പിടിച്ചെടുത്ത പദാർഥം യഥാർഥ അംബർഗ്രിസ് തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പുവരുത്താൻ രാസപരിശോധന നടത്തും. ഇതിനായി ശേഖരിക്കുന്ന സാമ്പിളുകൾ തുടർപരിശോധനയ്ക്കായി കേന്ദ്ര സർക്കാർ അംഗീകൃത വിദഗ്ധ ലാബിലേക്ക് അയയ്ക്കും. വിപണിയിൽ വ്യാജൻമാർ ഇറങ്ങാൻ സാധ്യതയുള്ളതിനാലാണ് ശാസ്ത്രീയ പരിശോധനാ ഫലം കേസിൽ നിർണായകമാകുന്നത്. മുൻപ് കേരളത്തിൽ സമാനമായ രീതിയിൽ തിമിംഗല ഛർദ്ദി പിടികൂടിയ സംഭവങ്ങളിലും ഇത്തരത്തിലാണ് കൃത്യത ഉറപ്പാക്കാൻ ലാബ് റിപ്പോർട്ടുകൾ തേടിയതെന്ന് റാന്നി ഫോറസ്റ്റ് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു. രാസപരിശോധനയിൽ ഇത് അംബർഗ്രിസ് തന്നെയെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ തുടർനടപടികളുണ്ടാകും.
കേസിലെ പ്രധാന പ്രതികളായ കായംകുളം നെടുത്തുമ്പാട് സ്വദേശി നിതീഷ്, പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ എന്നിവരെ പിടികൂടുന്നതിനായി വനംവകുപ്പ് നേരിട്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വനംവകുപ്പ് ശക്തമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും വേഗം പരിശോധനാ ഫലം ലഭ്യമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേരളത്തിൽ ഇതുവരെ വളരെ ചുരുക്കം കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും വനംവകുപ്പ് അധികൃതർ കൂട്ടിച്ചേർത്തു.
Tags : file case Nattuvishesham District news