സൗമ്യ അജീഷ് സംഭവം വിവരിക്കുന്നു.
പട്ടിക്കാട്: ഇന്നലെ രാവിലെ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കം കേട്ടതോടെ ഭയന്ന് മുറിയിൽനിന്ന് കുഞ്ഞുമായി പുറത്തേക്കോടിയെന്ന് പ്രദേശവാസിയായ സൗമ്യ പറഞ്ഞു. പള്ളിക്കുന്ന് ഭാഗത്തു വീടിനു സാരമായ കേടുപാടുകൾ സംഭവിച്ച ചിറ്റിലപ്പിള്ളി ലോനപ്പന്റെ മരുമകളാണ് സൗമ്യ അജീഷ്. ഈ പ്രദേശത്ത് ഇരുപതോളം വീടുകൾക്കാണ് വിള്ളലുകൾ സംഭവിച്ചത്. കൂടുതൽ വീടുകൾക്കു നാശമുണ്ടായതും ഇവിടെയാണ്.
പീച്ചി ഡാമിലേക്ക് ഇവിടെനിന്ന് 200 മീറ്റർ ദൂരം മാത്രമേയുള്ളൂ. ഭൂചലനത്തിന്റെ തീവ്രത കൂടിയാൽ അത് ഡാമിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ഇത്തരത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നത് ഇതാദ്യമായാണ്. കേടുസംഭവിച്ച വീടുകൾക്ക് അടിയന്തരസഹായം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ സന്ധ്യാ ഷാജി ആവശ്യപ്പെട്ടു.