ബോയ്സ് സ്കൂളിന്റെ ചുറ്റുമതിൽ തകർന്ന നിലയിൽ.
നെന്മാറ: കഴിഞ്ഞദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം തകർന്നു വീണു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം.
സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ചെട്ടിത്തറ റോഡിനോടു ചേർന്ന ഭാഗത്തെ ഏകദേശം പത്തുമീറ്ററോളം മതിലാണ് ഇടിഞ്ഞുവീണത്.
സംഭവസമയത്ത് റോഡിലൂടെ കാൽനടയാത്രക്കാരോ വാഹനങ്ങളോ കടന്നുപോകാത്തതിനാൽ വലിയ അപകടം ഒഴിവായി.
മതിലിന്റെ അവശിഷ്ടങ്ങൾ റോഡിലേക്കു പതിച്ചതിനെതുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഇരുചക്ര വാഹനങ്ങൾക്കു കടന്നുപോകാൻ പ്രയാസമുണ്ടായതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.
സ്കൂൾ പരിസരത്തെ ചുറ്റുമതിൽ കൂടുതൽ ദുർബലമാകാതിരിക്കാൻ അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും അപകടഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : Nattuvishesham District news