കുഞ്ഞുമോൾ ബെന്നി
ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടു ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതിന്റെ ത്രില്ലിലാണ് അർത്തുങ്കൽകാരി കുഞ്ഞുമോൾ ബെന്നി. ലഹരിക്കെതിരേ മാർഗംകളിപാട്ട് എഴുതി 40 ഓളം ദേവാലയങ്ങളിലും വിവാഹ ചടങ്ങുകളിലും ദൃശ്യാവിഷ്കാരം നടത്തി ലഹരിവിരുദ്ധ സന്ദേശ പ്രചാരണത്തിന് നേതൃത്വം നൽകിയതിനാണ് വീട്ടമ്മയെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചത്.
തീരദേശ മിഷൻ എന്ന സംഘടനയുടെ പ്രചോദനമാണ് പാട്ട് എഴുതാൻ കാരണമായതെന്ന് കുഞ്ഞുമോൾ പറയുന്നു. അരീപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗം പത്താം ക്ലാസുകാരി അമല കെ. സോജിയാണ് പാട്ട് പാടിയത്. അർത്തുങ്കൽ സെന്റ് ജോർജ് പള്ളി, അർത്തുങ്കൽ ബസിലിക്ക പള്ളി, തൊട്ടടുത്തുള്ള ചേന്നവേലി പള്ളി എന്നിവിടങ്ങളിൽനിന്നായി ഇരുപതോളം കുട്ടികൾ മാർഗംകളി അവതരിപ്പിക്കാൻ അരങ്ങത്തുണ്ട്. തീരദേശ മിഷൻ എന്ന സംഘടനയുടെ കോ-ഓർഡിനേറ്റർ സാബു കാക്കരിയിലാണ് എല്ലാ സഹായങ്ങളും ചെയ്തത്. കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരാൾ ഷേർലി ബാബു ആണ്. മാർഗംകളി കൂടാതെ ലഹരിക്കെതിരേയുള്ള സന്ദേശം ഉൾപ്പെടുത്തി തിരുവാതിര ഗാനത്തിനും കുഞ്ഞുമോൾ രചന നിർവഹിച്ചിട്ടുണ്ട്.
Tags : Thoofan NattuVishasham DistrictNews