അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ ഫ്രീമോന്‍ അന്ത്യോപചാരമർപ്പിക്കുന്നതിനായി എത്തിയവർ.
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോനു നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
ഇന്നലെ 9:45 ഓടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ എത്തിച്ചു. നൂറുകണക്കിനു തീരവാസികൾ ശ്രീമോനെ അവസാനമായി കാണുന്നതിന് ഇവിടെ കാത്തുനിന്നിരുന്നു. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ഞായറാഴ്ച പോസ്റ്റ്മോർട്ടം നടപടി നടപടികൾ പൂർത്തിയായെങ്കിലും വിദേശത്തുള്ള പിതാവ്, മകനെ അവസാനമായി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാൽ സംസ്കാര ചടങ്ങുകൾ ഇന്നലത്തേയ്ക്കു മാറ്റുകയായിരുന്നു. മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഷിജിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും തുടർന്നു. പൂന്തുറ, പനത്തുറ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടന്നത്. പനത്തുറയിൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് കടലിൽ പരിശോധന നടത്തി. മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നീ വിഭാഗങ്ങളുടെ നാലു വള്ളങ്ങളിലായാണ് പരിശോധനകൾ പുരോഗമിക്കുന്നത്. നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചും തെരച്ചിൽ നടത്തി.
സങ്കീർണ സാഹചര്യത്തിലും വിലക്കു ലംഘിച്ച് 30 ഓളം വള്ളങ്ങളിൽ തൊഴിലാളികൾ തിങ്കളാഴ്ചയും മത്സ്യബന്ധനത്തിനായി കടലിലേക്കു പോയിരുന്നു.
Tags : Hometown bids farewell