പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഓണസദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണാഘോഷം. മുമ്പ് വീട്ടില്‍ തന്നെ സദ്യവട്ടങ്ങളൊരുക്കി ഓണമാഘോഷിച്ചിരുന്ന മലയാളികള്‍ ഇന്ന് ഹോട്ടലുകളില്‍ നിന്ന് സദ്യ പാഴ്സലായി വാങ്ങി കഴിച്ചു തുടങ്ങി.
പണം കൊടുത്താലും കുഴപ്പമില്ല മറ്റ് ഓണാഘോഷങ്ങള്‍ക്ക് ടെന്‍ഷനില്ലാതെ പങ്കെടുക്കാമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക പ്രമുഖ ഹോട്ടലുകളിലും ഓണസദ്യയ്ക്കുള്ള പ്രീഓഡര് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 15 മുതല്‍ 30 വിഭവങ്ങള്‍ അടങ്ങിയ വള്ളുവനാടന്‍ സദ്യ വരെ തയ്യാറാക്കിയാണ് ഹോട്ടലുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. വിഭവങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. 300 രൂപ മുതല്‍ 570 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. അഞ്ച് പേരടങ്ങുന്ന ഫാമിലി പാക്കിന് 1500 രൂപ മുതല്‍ 2700 രൂപ വരെയാണ് വില.
പാഴ്സല്‍ നല്‍കുന്നതിന് ചെലവ് വര്‍ധിച്ചതായും അതിനാല്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ ഓണസദ്യ ഇക്കുറി പാഴ്സലായി നല്‍കുന്നില്ലെന്നും നഗരത്തിലെ ചില ഹോട്ടലുടമകള്‍ പറഞ്ഞു.
അതേസമയം, പാഴ്സലൊഴിവാക്കി ഹോട്ടലില്‍ നേരിട്ടെത്തി സദ്യ കഴിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. സദ്യയൊരുക്കാനുള്ള സാധനങ്ങള്‍ക്ക് വില വര്‍ധനവുണ്ടായെങ്കിലും സദ്യയ്ക്ക് ആനുപാതികമായി വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. മികച്ച ഗുണമേന്മയിലാണ് എല്ലാ ഐറ്റവും നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു.
സദ്യ ഒരുക്കാന്‍ ചെലവേറി
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി സദ്യയ്ക്ക് ചെലവേറുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. പാചകവാതകം മുതല്‍ സദ്യയൊരുക്കാനുള്ള പച്ചക്കറികള്‍ക്ക് വരെ വില വളരെയധികം വര്‍ധിച്ചു. പായസത്തിലെ പ്രധാന ചേരുവയായ പഞ്ചസാരയ്ക്ക് കിലോയ്ക്ക് 10 രൂപയോളമാണ് വര്‍ധിച്ചത്. അരി വിലയിലും പത്ത് രൂപയോളം വര്‍ധനവുണ്ടായിട്ടുണ്ട്. സദ്യ വിളമ്പുന്ന ഇലയ്ക്കും ഇരട്ടി വിലയായി. സവാള, കാരറ്റ് തുടങ്ങിയവയ്ക്ക് വില കത്തിക്കയറി. ഇതെല്ലാം സദ്യ തയ്യാറാക്കാനുള്ള ചെലവിനെ ബാധിച്ചിട്ടുണ്ട്.
ഈ വര്‍ഷം സദ്യയ്ക്കുള്ള പ്രീബുക്കിംഗ് കുറഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങളും സ്കൂളുകളും മറ്റും വാങ്ങുന്ന സദ്യയുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ചിട്ടുണ്ട്. ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് സദ്യ നല്‍കുകയാണ് അവര്‍. യുദ്ധവും വിലക്കയറ്റവുമാണ് കാരണം. മികച്ച ഗുണമേന്മയില് സദ്യയൊരുക്കി നല്കുമ്പോള് വലിയ തുക ചെലവ് വരും, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.വി. സാദിഖ് പറഞ്ഞു.
തിരക്കേറിയ തിരുവോണ ദിവസം ഹോട്ടലുകളിലും കാറ്ററിംഗ് കേന്ദ്രങ്ങളിലും നേരിട്ടെത്തി ഓണസദ്യ വാങ്ങുന്ന രീതിയാണുള്ളത്. അതേസമയം, മറ്റ് ദിവസങ്ങളില്‍ ഹോം ഡെലിവറിയുണ്ടാകുമെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു.