പൊലിസ് മൈതാനിയിൽ നടക്കുന്ന കൈത്തറി വസ്ത്ര-കരകൗശല വിപണന മേളയിൽനിന്ന്. -ദീപിക
കണ്ണൂർ: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യങ്ങളുമായി ജില്ലാ പഞ്ചായത്തിന്റെ കാർഷിക- പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണനമേള. വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി കാർഷിക ഉത്പന്നങ്ങൾവരെ മേളയിൽ ലഭ്യമാണ്. ഇവയ്ക്കു പുററേ കുടുംബശ്രീ കഫേയും പ്രവർത്തിക്കുന്നു.
വിവിധ മേഖലകളിലെ സംരംഭകരുടെയും ഉത്പാദകരുടെയും വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. 15 കുടുംബശ്രീ സ്റ്റാളുകൾ ഉൾപ്പെടെ 105 സ്റ്റാളുകളാണ് പ്രദർശനത്തിനുള്ളത്. ഓൺലൈൻ വ്യാപാരം നടത്തുന്ന സ്വയംസംരംഭകർക്ക് മേളയിലൂടെ നേരിട്ട് ഉപഭോക്താക്കളെ കണ്ടെത്താനുള്ള അവസരവും മേളയിലൂടെ ലഭിക്കും. അതോടൊപ്പം പൊതുജനങ്ങൾക്ക് വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്. പ്രാദേശിക ഉത്പാദകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനും കാർഷിക പരമ്പരാഗത വ്യവസായ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കുകയാണ് മേളയുടെ ലക്ഷ്യം.
കാർഷിക നഴ്സറി ഉത്പന്നങ്ങൾ, കയർ, പരമ്പരാഗത വ്യവസായ ഉത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും മേളയിൽ ലഭ്യമാണ്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനസമയം. പൊലിസ് മൈതാനിയിൽ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന സന്ദേശവുമായി 15ന് ആരംഭിച്ച മേള 25ന് സമാപിക്കും. ഓണത്തിന്റെ വരവോടെ ജില്ലയൊട്ടാകെ വിപണികൾ തിക്കും തിരക്കും തുടങ്ങി. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയതോടെ മേളകൾ സജീവമാകുകയാണ്.
Tags : Nattuvishesham Local News Onam Mela