ചാവശേരി ഹയർ സെക്കൻഡറി സ്കൂൾ.
മട്ടന്നൂർ: ജില്ലയിലെ മികച്ച ഹൈസ്കൂളിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പെർഫോമൻസ് അവാർഡ് ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണു പുരസ്കാരം. വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ 197 പേരാണ് ചാവശേരി സ്കൂളിൽ പുതുതായി എത്തിയത്. ജില്ലയിലെ 186 ഹൈസ്കൂളുകളിൽ നിന്നാണു ചാവശേരി തെരഞ്ഞെടുക്കപ്പെട്ടത്.
ഇരിട്ടി നഗരസഭയുടെ കീഴിലുള്ള വിദ്യാലയത്തിൽ "ഐഡിയ' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. അടിസ്ഥാനശേഷി വികസന പരിപാടി, പഠന പരിപോഷണ പരിപാടി, കൗൺസലിംഗ്, മെഗാ ഗൃഹസന്ദർശനം, പങ്കാളിത്ത ഉച്ചഭക്ഷണ പദ്ധതി, പ്രാദേശിക മികവ് കൂട്ടായ്മ തുടങ്ങിയ പദ്ധതികളാണു നടപ്പാക്കിയത്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ മുറ്റം ഇന്റർലോക്ക്, ശിശുസൗഹൃദ ഫർണിച്ചറുകൾ, ശൗചാലയം, ക്ലാസ്മുറികൾ, ശബ്ദസംവിധാനം, ബിരിയാണി ഉൾപ്പെടെയുള്ള ഉച്ചഭക്ഷണം എന്നിവയും ഏർപ്പെടുത്തി. ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ, കൗൺസിലർ സി.എം. രമ്യ, പ്രിൻസിപ്പൽ മൻസൂർ കിണാക്കൂൽ, മുഖ്യാധ്യാപകൻ സി.എ. അബ്ദുൾഗഫൂർ, പിടിഎ പ്രസിഡന്റ് കെ. ശ്രീനിവാസൻ തുടങ്ങിയവരാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
Tags : Nattuvishesham Local News Chavassery Higher Secondary School