തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് നുമാൻ ജില്ലാ ആശുപത്രിയിൽ.
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിന്റെ തീരദേശമേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പടെ ആറുപേർക്ക് പരിക്ക്. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കൊളവയലിലെ ടി.വി. കാവ്യ (30), മുട്ടുംതലയിലെ മുഹമ്മദ് നുമാൻ (13), ഹംസാന (12), അതിഞ്ഞാലിലെ ഷാജഹാൻ (35), അജാനൂരിലെ പുഷ്പൻ, ബല്ല കടപ്പുറത്തെ മിഥിലാജ് എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ടാണ് വിറളിപിടിച്ച് ഓടിയ തെരുവുനായ വഴിനീളെ കണ്ടവരെയെല്ലാം ആക്രമിച്ചത്. അതിഞ്ഞാൽ, തെക്കേപ്പുറം, കൊളവയൽ, കൊത്തിക്കാൽ, മുട്ടുന്തല, അജാനൂർ കടപ്പുറം ഭാഗങ്ങളിലാണ് കറുത്ത നിറത്തിലുള്ള നായ ഭീതി പരത്തിയത്.
നാട്ടുകാർക്ക് ജാഗ്രതാനിർദേശം നൽകാനായി പോകുമ്പോഴാണ് കാവ്യയ്ക്കു നേരെ ആക്രമണമുണ്ടായത്. ദേഹത്തേക്കു ചാടിവീണ നായയുടെ കടിയേറ്റത് കൈയിലെ ബാഗിനു മുകളിലായതിനാൽ ഇവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ നായയുടെ നഖം കൊണ്ട് കാലിനു പരിക്കേറ്റതിനാൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൽ പോവുകയായിരുന്ന ഷാജഹാനെയും ചാടിക്കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊത്തിക്കാലിൽ മദ്രസയിലേക്ക് പോകുമ്പോഴാണ് രണ്ടു കുട്ടികൾക്ക് കടിയേറ്റത്. നുമാന്റെ നെഞ്ചിലും കൈകാലുകളിലും ഹംസാനയുടെ കൈയിലും കാലിലുമാണ് കടിയേറ്റത്. പിടികൂടാനിറങ്ങിയ നാട്ടുകാർക്കു നേരെ നായ കുതിച്ചുചാടിയപ്പോഴാണ് മിഥിലാജിനു പരിക്കേറ്റത്.
പഞ്ചായത്ത് അംഗങ്ങളായ ഖാലിദ് അറബിക്കാടത്ത്, നദീർ കൊത്തിക്കാൽ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഇത് റെയിൽപാത കടന്ന് കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗത്തേക്കു കടന്നതായാണ് സൂചന.