പ്രതീകാത്മക ചിത്രം
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജിലെ ദേശീയ നവജാതശിശു ഗവേഷണ പദ്ധതിക്ക് 25 ലക്ഷം രൂപയുടെ ഐസിഎംആര്‍ അംഗീകാരം.
കോളജിലെ നവജാതശിശു വിഭാഗത്തിനെ ഐസിഎംആര്‍ ധനസഹായത്തോടെ നടത്തുന്ന എസ്എഎഫ് ഇ- എഫ്ഇഇഡി ദേശീയ പദ്ധതിയുടെ ഗവേഷണകേന്ദ്രമായി തെരഞ്ഞെടുത്തു. പുതുച്ചേരി ജിപ്മെറിലെ നവജാതശിശു വിഭാഗത്തിന്റെ ഏകോപനത്തിലാണു രാജ്യത്തെ ഒന്‍പതു കേന്ദ്രങ്ങളില്‍ ഗവേഷണം നടക്കുന്നത്. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഡോപ്ലര്‍ പരിശോധനയില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തപ്പെടുന്ന വളര്ച്ചക്കുറവുള്ളതും മാസം തികയാതെ ജനിക്കുന്നതുമായ നവജാതശിശുക്കളില്‍ മുലപ്പാല്‍ നല്‍കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പഠിക്കുകയാണു ഗവേഷണ പദ്ധതിയുടെ ലക്ഷ്യം.
എൻഐആർഎസ് സാങ്കേതികവിദ്യയിലൂടെ നവജാതശിശുവിന്റെ കുടല് അടക്കമുള്ള ആന്തരികാവയവങ്ങളിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ അളവും നിരീക്ഷിച്ച് മുലപ്പാല്‍ നല്‍കുന്നതിന്റെ പുരോഗതി നിശ്ചയിക്കുന്ന അതിനൂതന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണു ഗവേഷണം. 25 ലക്ഷം രൂപയുടെ സൈറ്റ് ബജറ്റാണു കോളജിന് അനുവദിച്ചിട്ടുള്ളത്. പ്രഫ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ശിശുരോഗ വിഭാഗത്തിന്റെയും പ്രഫ. ഫെബി ഫ്രാന്‍സിസിന്റെയും നേതൃത്വത്തിലുള്ള നവജാതശിശു വിഭാഗത്തിന്റെയും ശ്രദ്ധേയമായ നേട്ടമാണ് ഇതിനു കാരണമായത്.