ചമ്പക്കുളം: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആവേശത്തില്‍ ചാടിക്കയറിയ നടുഭാഗം ചുണ്ടന് ഇന്ന് പുറമ്പോക്കില്‍. 1952ലെ വള്ളംകളിയില്‍ വിജയിച്ച വള്ളമാണ് മധുരസ്മരണകള് അയവിറക്കി സര്‍ക്കാര്‍ പുറമ്പോക്കില്‍ വിശ്രമിക്കുന്നത്. ഏറ്റവും നീളം കൂടിയ ചുണ്ടന് വള്ളമെന്ന ഗിന്നസ് റിക്കാർഡ് നേടിയ നടുഭാഗം ചുണ്ടൻ ഇന്ന് ഒരു വള്ളപ്പുരയുടെ തണലില്ലാതെ പുറമ്പോക്കില്‍ പുതച്ചു മൂടിയിരിക്കുകയാണ്.
2015 ഓടെയാണ് വള്ളംകളി രംഗത്തുനിന്നു നടുഭാഗം ചുണ്ടൻ പിന്‍വാങ്ങിയത്. നെടുമുടി പഞ്ചായത്തിലെ നടുഭാഗം കരക്കാരുടേതായിരുന്നു വള്ളം. ജോസ് പുഷ്പമംഗലം എന്ന വള്ളംകളി രംഗത്തെ അതികായന്റെ നേതൃത്വത്തില്‍ ദീര്‍ഘകാലം മികച്ച പ്രകടനം നടത്താന്‍ നടുഭാഗത്തിന് സാധിച്ചു. 2016ല്‍ പുതിയ നടുഭാഗം നീറ്റിലിറങ്ങിയതോടെ പഴയ വള്ളം കരയിലേക്ക് മാറ്റുകയായിരുന്നു.
നെടുമുടി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ വള്ളത്തെ ചരിത്രസ്മാരകമാക്കണമെന്നാണ് വള്ളംകളി പ്രേമികളുടെ ആവശ്യം.
നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപത്തായി പ്ലാസ്റ്റിക് പടുത കൊണ്ട് മൂടി പൊതിഞ്ഞ് സൂക്ഷിക്കുന്ന നടുഭാഗം ചുണ്ടന് വള്ളം.
Tags : the past. Nattuvishesham District news