വ്ലാവെട്ടിയിൽ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ അഞ്ജലി.
കള്ളിക്കാട്: കള്ളിക്കാട് പഞ്ചായത്തിലെ വ്ലാവെട്ടിയിൽ ഇന്നലെ രാവിലെ കാട്ടുപോത്ത് കുറുകെച്ചാടിയുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്കു പരിക്കേറ്റു. വ്ലാവെട്ടി സനൽകുമാറിന്റെയും സിജിയുടെയും മക്കളായ അഭിഷേക് (22), അഞ്ജലി (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെ വ്ലാവെട്ടി - ഡാം റോഡിലെ മാൻ പാർക്കിനു സമീപത്തായിരുന്നു അപകടം.
ജോലിക്കു പോകുന്നതിനായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അഭിഷേകിന്റെയും സഹോദരി അഞ്ജലിയുടെയും വാഹനത്തിനു കുറുകെ കാട്ടുപോത്ത് ചാടുകയായിരുന്നു. ഇതിനെ തുടർന്നു ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സഹോദരങ്ങൾ റോഡിലേക്കു തെറിച്ചുവീണു. പരിക്കേറ്റ ഇരുവരേയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരും വീട്ടിലേക്കു മടങ്ങി. നിലവിൽ ഇരുവരും വീട്ടിൽ വിശ്രമത്തിലാണ്.
പി.ആർ. വില്ല്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അഞ്ജലി. കെടിഡിസി ഹെഡ് ഓഫീസിൽ ജോലി ചെയ്തുവരികയാണ് അഭിഷേക്. സംഭവമുണ്ടായ പ്രദേശത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവാണെന്നു നാട്ടുകാർ പറയുന്നു.വന്യമൃഗങ്ങളുടെ ശല്യം വർധിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.