ശ്രീനാരായണ ഗുരു ജയന്തിദിനത്തിൽ കായംകുളം എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച സമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യുന്നു.
മുഹമ്മ: കായിപ്പുറം തെക്ക് എസ്എൻഡിപി ശാഖയുടെ ഗുരുദേവ ജയന്തിയാഘോഷം പഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പാതിരാമണൽ ഗുരുമന്ദിരത്തിൽ മേൽശാന്തി സതീശൻ കിഴക്കേ അറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ പ്രാർഥനയും ഗുരുപുഷ്പാഞ്ജലിയും നടന്നു. കോട്ടയം തിരുവാർപ്പ് ജ്യോതി മനോജ് ഗുരുദേവ പ്രഭാഷണം നടത്തി. കെ.പി. ബാഹുലേയൻ, വി.എം. സുഗാന്ധി, ടി. കുഞ്ഞുമോൻ, ഡി. തങ്കച്ചൻ, ഗീത അർജുൻ എന്നിവർ പ്രസംഗിച്ചു.
മുഹമ്മ: പള്ളിക്കുന്ന് ശ്രീകൃഷ്ണവിലാസം എസ്എൻഡിപി ശാഖ ഗുരുദേവ ജയന്തി ആഘോഷിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ. റെജി അധ്യക്ഷനായി. ലീലാ വളവത്തിൽ ഉദ്ഘാടനം ചെയ്തു. ജപം, ധ്യാനം, പ്രാർഥന, ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, ജയന്തി സദ്യ എന്നിവ നടന്നു. പി. കുഞ്ഞുമോൻ ശാന്തി പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ. സോമൻ പഠനത്തിൽ മികവ് പുലർത്തിയ പി.ആർ. ഹരി കൃഷ്ണനെ അനുമോദിച്ചു.
മാവേലിക്കര: റ്റി.കെ. മാധവൻ സ്മാരക മാവേലിക്കര എസ്എൻഡിപി യൂണിയൻ ജയന്തി ആഘോഷം നടന്നു. യൂണിയൻ വൈദിക സമിതി കൺവീനർ രാമനാഥൻ പോറ്റിയുടെ നേതൃത്വത്തിൽ വിശ്വശാന്തി ഹവനം മഹാഗുരുപൂജ ഗുരു പുഷ്പാഞ്ജലി തുടങ്ങി വൈദിക കർമ്മങ്ങൾ നടന്നു. കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.
ചേർത്തല: എസ്എൻഡിപി ചേർത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി. ഗുരുദേവ വിഗ്രഹം വഹിച്ച രഥമായിരുന്നു റാലിക്കു മുന്നിൽ. പിന്നാലെ ചെണ്ടമേളം തുടർന്ന് ബാനറിന് പിന്നിൽ നേതാക്കളും അണിനിരന്നു. പി. പ്രസാദ് എംഎൽഎയും റാലിയിൽ പങ്കാളിയായി. മേഖലയിലെ 45 ശാഖകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് ഘോഷയാത്രയിൽ അണിനിരന്നത്.
വൈകിട്ട് ആറോടെയാണ് സമ്മേളന നഗരിയായ യൂണിയൻ ഓഫീസ് അങ്കണത്തിൽ എത്തിയത്. മേഖല ചെയർമാൻ കെ.പി. നടരാജൻ, കൺവീനർ പി.ഡി. ഗഗാറിൻ, വൈസ് ചെയർമാൻ രവീന്ദ്രൻ അഞ്ജലി, യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം, ജെ.പി. വിനോദ്, ആർ. രാജേന്ദ്രൻ, കെ.വി. സാബുലാൽ, അഡ്വ.പി.എസ്. ജ്യോതിസ്, ബിൻസി സനൽ, സുനിത സേതുനാഥ് തുടങ്ങിയവര് നേതൃത്വം നൽകി.
പൂച്ചാക്കൽ: കേരളത്തെ ഇന്ന് കാണുന്ന രൂപത്തിൽ പരൂവപ്പെടുത്തിയെടുത്തത് ശ്രീനാരായണഗുരുവും അയ്യൻകാളിയും ഉൾപ്പെടുന്ന നവോത്ഥാന നായകരാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. എസ്എൻഡിപിയോഗം പാണാവള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ നടത്തിയ ശ്രീനാരായണ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പിക്കർ.
മേഖല ചെയർമാൻ കെ.എൽ. അശോകൻ അധ്യക്ഷനായി. യോഗം കൗൺസിലർ പി.ടി. മന്മഥൻ, ബിജുദാസ്, ബൈജു അറുകുഴി, ടി.ഡി. പ്രകാശൻ, കെ. പ്രസാദ്, പി.പി. ദിനദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews