കാഞ്ഞിരപ്പള്ളി: പഞ്ചായത്തുകളുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ-സ്മാർട്ട് പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ തുടക്കമായി.
കോളജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിപാടി അബിൻ വർക്കി എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ഡോ. റോയി പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. മാർഗരറ്റ് ഷെറിൻ ജോസഫ്, പ്രഫ. ഡോ. ബിനു എം. ഐസക്, അസി. പ്രഫ. അജയ് തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.
തദ്ദേശഭരണ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ ഗവേണൻസ് വഴി ജനങ്ങൾക്ക് മികച്ച സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ്, എരുമേലി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി ജനപ്രതിനിധികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഇൻഫർമേഷൻ കേരള മിഷനിലെ സന്തോഷാണ് കെ-സ്മാർട്ട് പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് ഭരണനിർവഹണത്തിൽ കെ-സ്മാർട്ടിന്റെ പ്രാധാന്യം, വിവിധ ഡിജിറ്റൽ സേവനങ്ങൾ, ഗവേണൻസ് ടൂളുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളും പ്രായോഗിക പരിശീലനവും പ്രതിനിധികൾക്ക് നൽകി.
Tags : K-Smart Nattuvishesham Districte news