കായംകുളം: കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ കാക്കനാട് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള ടെൻഡർ ഉറപ്പിക്കുന്ന നടപടി പൂർത്തിയായി. കരാറുകാരനുമായി സമ്മതപത്രം ഒപ്പിടുന്നതിനും വർക്ക് ഓർഡർ വയ്ക്കുന്നതിനുമുള്ള നടപടികൾ ഉടൻ പൂർത്തിയാകും. ഇതോടൊപ്പം തന്നെ മേൽപ്പാലത്തിന്റെ രൂപരേഖ തയാറാക്കി റെയിൽവേയുടെ അംഗീകാരത്തിനു സമർപ്പിച്ചുകഴിഞ്ഞു.
ഇരുവശത്തെയും അനുബന്ധപാതയുടെ രൂപരേഖ മദ്രാസ് ഐഐടിയാണ് അംഗീകരിക്കേണ്ടത്. ഇതും സമർപ്പിച്ചിരിക്കുകയാണ്. വൈദ്യുതിലൈൻ, ജലവിതരണ പൈപ്പുകൾ, ടെലിഫോൺ ലൈൻ എന്നിവ മാറ്റി സ്ഥാപിക്കേണ്ടത് അതത് സ്ഥാപനങ്ങളാണ്. ഇതിനുള്ള എസ്റ്റിമേറ്റ് ലഭിച്ചാലുടൻ റെയിൽവേ പണമടയ്ക്കും. ഏറ്റെടുത്ത വസ്തുവിലെ മതിലുകൾ, മരങ്ങൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
2018 -2019 സാമ്പത്തികവർഷമാണ് കാക്കനാട്ട് സംസ്ഥാനപാതയിൽ മേൽപ്പാലമനുവദിച്ചത്. ആദ്യം റെയിൽവേയും സംസ്ഥാന സർക്കാരും 50 ശതമാനം വീതം മുതൽമുടക്കിയുള്ള സംയുക്ത സംരംഭമായിരുന്നു തീരുമാനിച്ചിരുന്നത്. 32.5 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.
എന്നാൽ, പിന്നീട് ചെലവ് പൂർണമായും റെയിൽവേ ഏറ്റെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽത്തന്നെ ചിലരുടെ എതിർപ്പും കോടതി വ്യവഹാരങ്ങളും മൂലം സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ വൈകി. 400 മീറ്റർ നീളവും 7.5 മീറ്റർ വീതിയും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുന്നതാണ് മേൽപ്പാലം. ഇരുവശങ്ങളിലെയും സർവീസ് റോഡ് നിർമാണവും പദ്ധതിയിലുൾപ്പെടുന്നു. തീരദേശ റെയിൽവേ കടന്നുപോകുന്ന കാക്കനാട് റെയിൽവേ ഗേറ്റിനു മുകളിലൂടെ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
ട്രെയിൻ പോകാൻവേണ്ടി ഗേറ്റ് അടയ്ക്കുന്ന വേളയിൽ ഇരുവശത്തും ഒരുകിലോമീറ്റർ ദൂരംവരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. കായംകുളം ഭാഗത്തുനിന്നു തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള രോഗികളുമായി കടന്നുപോകുന്ന ആംബുലൻസുകൾപോലും ഗതാഗതക്കുരുക്കിൽപ്പെടുന്ന അവസ്ഥയാണ്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളും കാത്തുകിടക്കേണ്ടിവരാറുണ്ട്. സംസ്ഥാനപാതയിൽ കായംകുളം-ചെട്ടികുളങ്ങര-മാവേലിക്കര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയിലാണ് കാക്കനാട് റെയിൽവേ ഗേറ്റ്.