പുന്നപ്ര സമരഭൂമി തീരത്ത് കടൽജലം കയറിയപ്പോൾ.
അമ്പലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്നുണ്ടായ തിരമാല കയറ്റത്തിൽ ജില്ലയുടെ തീരപ്രദേശത്തെ പൊഴികൾ നിറഞ്ഞു കവിഞ്ഞു. പൊഴിയിൽനിന്നുള്ള വെളളം കയറി പല ഭാഗത്തും കരയ്ക്കു കയറ്റിവച്ചിരുന്ന വള്ളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പൂമീൻ പൊഴി, പുന്നപ്ര തെക്ക് കൊച്ചു പൊഴി, വാവക്കാട്, വടക്ക് അറപ്പ പൊഴി, ആലപ്പുഴ വാടപ്പൊഴിയടക്കം വേലിയേറ്റത്തിൽ നിറഞ്ഞു . ഇനിയും വെള്ളം നിറഞ്ഞാൽ പ്രദേശത്തെ വീടുകളും വഴികളും വെള്ളക്കെട്ടിലാകും. തീരദേശ മേഖലയിൽ കാലാവസ്ഥ ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മത്സ്യബന്ധന വള്ളങ്ങൾ കടലിലിറക്കിയില്ല. ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ വരെ 1.8 മീറ്റർ ഉയരത്തിൽ തിരമാല സാധ്യതാ മുന്നറിയിപ്പാണുള്ളത്.