കല്ലൂർക്കാട് കോട്ട റോഡിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞ നിലയിൽ.
കല്ലൂർക്കാട്: കല്ലൂർക്കാട് കോട്ട റോഡ് സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിൽ. ടൗണിൽ നിന്ന് അര കിലോമീറ്ററോളം ദൂരത്തായാണ് കരിങ്കൽ കെട്ടിടിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പതിനഞ്ചു മീറ്ററോളം നീളത്തിലും പത്തു മീറ്ററോളം താഴ്ചയിലുമാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് റോഡിന്റെ കൽക്കെട്ടിടിഞ്ഞു വീണത്.
റോഡിന്റെ ഉള്ളിലേക്കുള്ള ഭാഗം മണ്ണിടിഞ്ഞു പൊള്ളയായിട്ടുണ്ട്. ടാറിംഗിന്റെ കനം മാത്രമേ റോഡിൽ പുറമേ കാണാൻ കഴിയുന്നുള്ളൂ. പഴയ കരിങ്കൽക്കെട്ടു ബലപ്പെടുത്താതെ അതിനു മുകളിൽ കോൺക്രീറ്റ് ചെയ്ത് പുതിയ റോഡിന് ആവശ്യമായ ഉയരത്തിൽ കരിങ്കൽ കെട്ടി ഉയർത്തിയതാണ് പ്രശ്നമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അടിയന്തരമായി രാത്രിയിൽ തന്നെ അപകടസൂചനാ ബോർഡുകൾ സ്ഥാപിച്ചു.
Tags : Local News Nattuvishesham Ernakulam