ചങ്ങരംകുളം ഉദിനുപറന്പിൽ സ്ഥാപിച്ച 70 അടി നീളമുള്ള ബ്രസീലിന്റെ ഫ്ളക്സ് ബോർഡ്.
ചങ്ങരംകുളം: ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനൊരുങ്ങുന്പോൾ കാൽപ്പന്തിനെ നെഞ്ചേറ്റുന്ന മലപ്പുറവും ലോകകപ്പ് ലഹരിയിലേക്ക് നീങ്ങുകയാണ്. ജില്ലയിൽ എങ്ങും വിവിധ ടീമുകളുടെ കൂറ്റൻ ഫ്ളക്സുകളും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും കളി ആരാധകർ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ് 11 മുതൽ ജൂലൈ 19 വരെ യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഫുട്ബോൾ ലോകകപ്പിന്റെ 23-ാം എഡിഷൻ. 48 രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു.
ജില്ലയിലെ ഗ്രാമങ്ങളിലും കവലകളിലുമെല്ലാം തങ്ങളുടെ ഇഷ്ട ടീമുകളുടെ കൊടികളും തോരണങ്ങളും കൊണ്ട് നിറയ്ക്കുകയാണ് ഫുട്ബോൾ ആരാധകർ. നിയമസസഭാ തെരഞ്ഞെടുപ്പ് ചൂടിൽനിന്ന് നാട് ഫുട്ബോൾ ചൂടിലേക്ക് മാറുന്പോൾ ഓരോ പ്രദേശത്തെ ഫുട്ബോൾ കൂട്ടായ്മകളും പുതിയ വാട്സ് ആപ്പ് ഗ്രൂപ്പുകളും ഉണരുകയാണ്. ഫുട്ബോൾ ആരാധകക്കൂട്ടങ്ങൾ മഴയെ വകവയ്ക്കാതെ ഓരോ പ്രദേശത്തും ഇഷ്ടടീമുകൾക്കായി ലക്ഷക്കണക്കിന് രൂപയുടെ ഫ്ളക്സ് ബോർഡുകളും കട്ടൗട്ടുകളും ഉയർത്തുന്നു.
സ്വന്തം ആരാധകരെ ആവേശം കൊള്ളിക്കുന്ന വാചകങ്ങളാണ് ബോർഡുകളിൽ നിറയുന്നത്. അതേസമയം എതിർ ആരാധകർക്ക് അതു വെല്ലുവിളിയുയർത്തുകയും ചെയ്യുന്നു. അത്തരം പ്രയോഗങ്ങളാണ് ബോർഡിൽ നിറയുന്നത്.
കാലിടറിയിട്ടുണ്ട്, കരങ്ങൾ തളർന്നിട്ടുണ്ട്, കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... പക്ഷേ, കാനറികൾ തകർന്നിട്ടില്ല... എന്നെഴുതിയ വൻ ബോർഡാണ് ബ്രസീൽ ആരാധകർ ചങ്ങരംകുളം ഉദിനുപറന്പിൽ സ്ഥാപിച്ചിട്ടുള്ളത്. ബ്രസീലിന്റെ ഒരുപിടി കിടയറ്റ താരങ്ങളുടെ ചിത്രത്തിനൊപ്പം കോച്ച് കാർലോ ആഞ്ചലോട്ടിയുടെ പടവും കാണാം.
മലപ്പുറം ജില്ലയിൽ അർജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകർ ഏറെയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും വലിയ ആരാധകക്കൂട്ടമുണ്ട്. അതിനാൽ ലയണൽ മെസിയുടെയും നെയ്മറിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആരാധകർ തമ്മിലുള്ള കടുത്ത മത്സരമാണ് ജില്ലയിൽ കൂടുതലും കണ്ടുവരുന്നത്. പ്രായം അലട്ടുന്നതിനാൽ ഈ മൂന്ന് സൂപ്പർതാരങ്ങളുടെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇതെന്ന് ഉറപ്പിക്കാം. മറ്റു ടീമുകളായ ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ ടീമുകൾക്കും ജില്ലയിൽ ആരാധകരുണ്ട്.
മത്സരങ്ങൾ അടുത്തതോടെ വെല്ലുവിളികളും പോർവിളികളും ഓരോ പ്രദേശത്തും ഹരം കൊള്ളിക്കുന്നുണ്ട്. ഫ്ളക്സ് ബോർഡുകളുടെ പേരിലുള്ള മത്സരങ്ങളാണ് ഓരോയിടത്തും നടക്കുന്നത്. വാശിയോടെയാണ് കട്ടൗട്ടുകളും ഫ്ളക്സുകളും വഴിവക്കിൽ സ്ഥാപിക്കുന്നത്.
അതേസമയം ലോകകപ്പ് ഫുട്ബോൾ വേള ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനങ്ങൾക്ക് കൊയ്ത്തു കാലമാണ്. ഇത്തരത്തിലുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇപ്പോൾ ലോകകപ്പ് ഫുട്ബോൾ ടീമുകളുടെ ഫ്ളസ്കൾ ചെയ്തുവരുന്നു. ഇഷ്ടടീമുകളുടെയും താരങ്ങളുടെയും പ്രകടനങ്ങളുടെ ആവേശമുയർത്തുന്ന ചിത്രങ്ങളാണ് ബോർഡിൽ നിറഞ്ഞുനിൽക്കുന്നത്. ഫുട്ബോൾ ആരാധകർ പണം പിരിച്ചെടുത്തും സ്ഥാപനങ്ങളുടെ സ്പോണ്ഷർഷിപ്പിലൂടെയുമാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.
ഇതിനു പുറമേ വിവിധയിടങ്ങളിൽ ക്ലബുകളും കൂട്ടായ്മകളും ചേർന്ന് വലിയ സ്ക്രീനിൽ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ചെറുതും വലുതുമായ വാതുവയ്പ് സംഘങ്ങളും ഇതിനിടയിൽ സജീവമായിട്ടുണ്ട്. പ്രധാന മത്സരങ്ങൾ പലതും അർധരാത്രിയിലും പുലർച്ചെയുമാണ്. എന്നിരുന്നാലും ആവേശത്തിന് അതൊന്നും തടസമല്ല. കടുത്ത ആരാധകർ ഉറക്കമൊഴിച്ചും കളി കാണുമെന്ന് ഉറപ്പാണ്.
Tags : Local News Nattuvishesham Malappuram