പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി: നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങൾക്ക് കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് ഒരുങ്ങി. അന്തരാഷ്ട്ര കയാക്കിംഗിന് തയാറെടുക്കാൻ പറ്റുന്ന തരത്തിലുള്ള മത്സര രീതിയാണ് പഞ്ചായത്ത് പദ്ധതിയിട്ടിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി പറഞ്ഞു.
23 ന് രാവിലെ ഒന്‍പതിന് ഓണ പതാക ഉയർത്തൽ, വൈകുന്നേരം അഞ്ചിന് കുമ്പളങ്ങി പാർക്കിൽ ടൂറിസം ഓണാഘോഷ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിക്കും. ഹൈബി ഈഡൻ എംപി, മുഹമ്മദ് റിയാസ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. പൂക്കള മത്സരം, പായസ മേള, വൈദ്യുത ദീപാലങ്കാര മത്സരങ്ങളും ഉണ്ടാകും. 24 ന് വിദേശികളും സ്വദേശികളും ചേർന്നുള്ള സൗഹൃദ വടംവലി മത്സരവും 25 ന് കുമ്പളങ്ങി സൗത്ത് കാട്ടിക്കോനാട്ട് സ്ലൂയിസിൽ നിന്നാരംഭിച്ച് എഴുപുന്ന പാലത്തിന് സമീപം സമാപിക്കുന്ന കയാക്കിംഗ് മത്സരവും ഉണ്ടാകും. 26 ന് വൈകിട്ട് കൈകൊട്ടിക്കളി, തിരുവാതിര, നാടൻ പാട്ടും ഫ്യൂഷൻ ഷോയും സമാപന സമ്മേളനവും നടക്കും. സമ്മേളനം മന്ത്രി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷാജി കുറുപ്പശേരി,ജനറൽ കൺവീനർ ജോൺ പഴേരി, വൈസ് പ്രസിഡന്റ് മാർഗരേറ്റ് ലോറൻസ്, ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി, പഞ്ചായത്തംഗങ്ങളായ ടെസി ജേക്കബ്, ടി.ഡി. സജീവൻ, ഗോപി കാരക്കോടത്ത് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഓണാഘോഷം: സുരക്ഷയ്ക്ക് 1,500 ഓളം പൊലിസുകാര്‍
കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ വന്‍ സുരക്ഷ ഒരുക്കി പൊലിസ്. ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും ഗതാഗത ക്രമീകരണങ്ങള്‍ക്കുമായി 1,500 ഓളം പൊലിസ് ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വിന്യസിക്കും.
സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാറിന്റെ നിര്‍ദേശപ്രകാരം ഡിസിപിമാരായ അരുണ്‍ കെ. പവിത്രന്, അശ്വതി ജിജി എന്നിവരുടെ മേല്‍നോട്ടത്തില്‍ എറണാകുളം, എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര, മട്ടാഞ്ചേരി, ട്രാഫിക് ഈസ്റ്റ്, വെസ്റ്റ്, മറ്റ് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ കീഴില്‍ 20 ഓളം ഇന്‍സ്പെക്ടര്‍മാര്‍, 160 ഓളം സബ് ഇന്‍സ്പെക്ടർമാർ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, 80 ഓളം വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍, 900 ത്തോളം സിവില്‍ പൊലിസ് ഉദ്യോഗസ്ഥര്‍, 80 ഓളം സ്പെഷല്‍ ഷാഡോ ടീം, 30 ഓളം ഡാന്‍സാഫ് ടീം (തുഫാന്‍ സ്ക്വാഡ്), ഇന്റലിജന്റ്സ് കളക്ഷന്‍ ടീം, ഡിജിപി യുടെ ഒരു കമ്പനി സായുധ പൊലിസ് ഉള്‍പ്പെടെയുള്ള പൊ ലിസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. പട്രോളിംഗിനായി 24 കണ്ട്രോള് റൂം വെഹിക്കിള്‍, നാല് പിങ്ക് പട്രോള്‍, ഒരു ഹൈവെ പട്രോള്‍ ഉള്‍പ്പടെയുളള വാഹനങ്ങള്‍ സ്റ്റേഷന് പട്രോളിംഗ് വാഹനങ്ങള്‍ക്കു പുറമെ അധികമായി സിറ്റിയിലെ ഓണഘോഷവുമായി ബന്ധപ്പെട്ട് വാഹന പരിശോധനയ്ക്ക് നിയോഗിക്കും.
സിറ്റിയിലെ 102ഓളം തിരക്കേറിയ പ്രധാന സ്ഥലങ്ങളിലും ശക്തമായ പൊലിസ് പിക്കിറ്റിംഗ് ഏര്‍പ്പെടുത്തും. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ബാറുകളിലും പരിശോധന ഏര്‍പ്പെടുത്തും. കൊച്ചി സിറ്റി പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ പരാമാവധി ഉപയോഗപ്പെടുത്തേണ്ടതും റോഡ് സൈഡുകളിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കി സിറ്റിയിലെ നിലവിലുള്ള ലഭ്യമായ 92 ഓളം പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്. റോഡ് സൈഡിലെ അലക്ഷ്യമായുളള പാര്‍ക്കിംഗിനെതിരെ ശക്തമായ നിയമനടപടിള്‍ സ്വീകരിക്കും. ഏതെങ്കിലും തരത്തിലുളള അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാല്‍ 112 എന്ന എമര്‍ജന്‍സി നമ്പറിലും ലഹരി ഉപയോഗവും വിപണനവും ശ്രദ്ധയില്‍പ്പെട്ടാല്‍ 9995966666 എന്ന നമ്പറിലും അറിയിക്കേണ്ടതാണ്.
Tags : Onam celebrations NattuVishasham DistrictNews