നൂലിൽ കുരുങ്ങിയ പക്ഷി
പേരൂർക്കട: പട്ടത്തിന്റെ ചരടിൽ കുടുങ്ങിയ മൈനയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ തമ്പാനൂർ എസ്.എസ്. കോവിൽ റോഡിൽ ബ്രില്ലിയൻസ് കോളജിനു സമീപമായിരുന്നു സംഭവം.
കോളജിനടുത്തുള്ള തെങ്ങിൽ ഒരു പട്ടം കുരുങ്ങിക്കിടന്നിരുന്നു. ഇതിന്റെ നൂലാണ് അബദ്ധത്തിൽ മൈനയുടെ കാലിൽ കുടുങ്ങിയത്. പറക്കാൻ സാധിക്കാതെ വന്നതോടെ നൂലിൽ ചുറ്റിയ കാലുമായി മൈന തലകീഴായി കിടക്കുകയായിരുന്നു. വായുവിൽ കിടന്നു ചിറകടിക്കുന്ന ശബ്ദം കേട്ടാണ് കോളജ് ഭാരവാഹികൾ വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. തിരുവനന്തപുരം നിലയത്തിൽനിന്ന് ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് മൈനയെ രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിന്റെ മുകളിൽ കയറിയശേഷം മുളന്തണ്ട് ഉപയോഗിച്ച് മൈനയെ രക്ഷപ്പെടുത്തി താഴേക്ക് കൊണ്ടുവരികയായിരുന്നു. പട്ടത്തിന്റെ നൂലിൽ കുടുങ്ങി മൈന ഒരു മണിക്കൂറോളം തലകീഴായി കിടന്നതായി പരിസരവാസികൾ പറയുന്നു.
കാലിനു ചെറിയതോതിൽ പരിക്കേറ്റ മൈനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം സ്വതന്ത്രമാക്കി. ഒരാഴ്ച മുമ്പ് പ്രദേശത്ത് ചിലർ പറത്തിയിരുന്ന പട്ടമാണ് ചരട് പൊട്ടി തെങ്ങിന്റെ ഓലയിൽ കുടുങ്ങിക്കിടന്നത്.
Tags : NattuVishasham DistrictNews