കൊടുമ്പാലയിലെ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് വടക്കഞ്ചേരി റോട്ടറി ക്ലബംഗങ്ങൾ.
വടക്കഞ്ചേരി: പാർപ്പിടമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കണച്ചിപരുതക്കടുത്ത് കൊടുമ്പാല ആദിവാസി ഊരിലെ മൂന്ന് വയസുകാരനും സഹോദരങ്ങൾക്കും താങ്ങാകാൻ സുമനസുകൾ. കീറിപ്പറിഞ്ഞ കുടിലിന്റെ പടം സഹിതം വെള്ളിയാഴ്ചയിലെ ദീപിക പത്രത്തിൽ വാർത്ത നൽകിയതിനെ തുടർന്നാണ് സഹായങ്ങൾ എത്തുന്നത്.
കുടുംബത്തിന് സുരക്ഷിതമായ പാർപ്പിടസൗകര്യം ഒരുക്കുന്നതു പരിശോധിക്കാനായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏസ്പെരൻസ ഹൗസിംഗ് പ്രോജക്ടിന്റെ പ്രതിനിധിയായി മംഗലംഡാമിലെ കിഴക്കേപറമ്പിൽ ടോം ജോർജ് കഴിഞ്ഞദിവസം ഊരിലെത്തി വീട്ടുകാരുമായി സംസാരിച്ചു.
വളരെ അനുഭാവപൂർവമായ സമീപനമാണ് അദേഹത്തിൽനിന്നും ഉണ്ടായിട്ടുള്ളതെന്ന് വീട്ടുകാർ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കായി ധനസഹായവും നൽകുകയുണ്ടായി. വീടില്ലാത്തവർക്ക് ഒരു തണലാകാം എന്ന ലക്ഷ്യത്തോടെ ഫാ.ഡോ.ജോർജ് കണ്ണന്താനം നേതൃത്വം നൽകുന്ന സംരംഭമാണ് ഏസ്പെരൻസ പ്രോജക്ട് ഷെൽട്ടർ. വടക്കഞ്ചേരി റോട്ടറി ക്ലബും ഊരിലെ കുടുംബങ്ങൾക്ക് ഇന്നലെ സഹായവുമായെത്തിയിരുന്നു. ആയിരം രൂപയുടെ ഭക്ഷ്യ കിറ്റുകളും ചെറിയ ധനസഹായവും കുട്ടികളുടെ കുടുംബത്തിനൊപ്പം മറ്റു കുടുംബങ്ങൾക്കും നൽകുകയുണ്ടായി. അരി, പലവ്യഞ്ജന സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു കിറ്റുകൾ. ക്ലബ് പ്രസിഡന്റ് കെ.എസ്. ബാബുരാജൻ, സെക്രട്ടറി കെ. ഗിരീഷ്, ട്രഷറർ കെ.ആർ. അമിത് എന്നിവരുടെ നേതൃത്വത്തിൽ കെ.വി. മുരളിധരൻ മാസ്റ്റർ, ത്രിസ്റ്റാർ ബാബുജി, സുനിൽ ജോർജ് ഒലിയാപ്പുറം, ആർ. ബിബിൻ, വനിതാ വിഭാഗം പ്രസിഡന്റ് റീന ബാബുരാജൻ തുടങ്ങിയവർ പങ്കെടുത്തു. സ്വാന്ത്വനം ട്രസ്റ്റും കുടുംബത്തിന്റെ സ്ഥിതി അന്വേഷിക്കുകയുണ്ടായി. പാറപ്പുറത്ത് പഴയ ടാർപോളിനും പ്ലാസ്റ്റിക് ചാക്കുകളും കീറിപ്പറിഞ്ഞ തുണികളും കൊണ്ട് മൂടിക്കെട്ടിയ കുടിലിലാണ് മൂന്ന് വയസുകാരൻ ഉൾപ്പെടുന്ന നാലംഗ കുടുംബം കഴിയുന്നത്.
Tags : NattuVishesham DistrictNews