എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തിയ മിസ് യൂണിവേഴ്സ് ഇന്ത്യ കെസിയ ലിസ് മെജോ വിദ്യാർഥികൾക്കൊപ്പം. - ദീപിക
കൊച്ചി: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ ആദ്യ മലയാളി കെസിയ ലിസ് മെജോയ്ക്ക് കൊച്ചിയിൽ ഊഷ്മള വരവേൽപ്. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ഊഷ്മള വരവേൽപാണ് കെസിയയ്ക്ക് ഒരുക്കിയത്.
ജയ്പൂരിൽ നടന്ന ദേശീയ ഫിനാലെയിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 മത്സരാർഥികളെ പിന്തള്ളിയാണ് ഈ പത്തൊമ്പതുകാരി ഇന്ത്യയുടെ സൗന്ദര്യറാണിയായത്. തന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച മിസ് യൂണിവേഴ്സ് കേരള ഓർഗനൈസേഷനും കൃത്യമായ പരിശീലനവും മാർഗനിർദേശങ്ങളും നൽകിയ സ്റ്റേറ്റ് ഡയറക്ടർ അർച്ചന രവിക്കും കെസിയ നന്ദി പറഞ്ഞു. സൗന്ദര്യത്തിന്റെ പ്രകടനത്തേക്കാൾ വ്യക്തിപരമായ ശാക്തീകരണത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രകടനമാണു മിസ് യൂണിവേഴ്സ് വേദിയെന്നും കെസിയ വ്യക്തമാക്കി.
നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ കെസിയ ഭാരതത്തെ പ്രതിനിധീകരിക്കും.
മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ, ബംഗളൂരുവിൽ രണ്ടാം വർഷ നിയമവിദ്യാർഥിനിയാണ്. ചടങ്ങിൽ മിസ് യൂണിവേഴ്സ് കേരള ടീം അംഗങ്ങളും കെസിയയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. നേരത്തെ എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന പരിപാടിയിലും കെസിയ പങ്കെടുത്തു.
Tags : Nattuvishesham DistrictNews