തലയാഴം: ഉല്ലല കാളിശ്വരം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിത്തുറന്ന് മോഷണം. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ചെറിയ തുക നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലായിരുന്നു മോഷണം നടന്നത്.
ഇന്നലെ രാവിലെ ശ്രീകാര്യക്കാരൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. ദേവസ്വം അധികൃതർ പരാതി നൽകിയതിനെത്തുടർന്ന് വൈക്കം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഉല്ലല 737-ാംഎൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്. രാത്രികാലങ്ങളിൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ച സാഹചര്യത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രം പ്രസിഡന്റ് ജി. സുരേഷ് ബാബു, മാനേജർ കെ. കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.