കോഴഞ്ചേരി താലൂക്ക് ഓഫീസ്
പത്തനംതിട്ട: മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ ശോച്യാവസ്ഥയെത്തുടര്‍ന്ന് കോഴഞ്ചേരി താലൂക്ക് ഓഫീസ് വാടകക്കെട്ടിടത്തിലേക്കു മാറി.ഓഫീസ് മാറ്റുന്നതിനുവേണ്ടി ആഴ്ചകളായി നടന്ന ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്നു മുതല്‍ കടമ്മനിട്ട റോഡില്‍ പ്രസ് ക്ലബിനു സമീപമുള്ള കുന്നംകുളം ബില്‍ഡിംഗ്സില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങും. 85,000 രൂപയാണ് പ്രതിമാസ വാടക.
ഓഫീസ് സാമഗ്രികള്‍ പൂര്‍ണമായി നീക്കിയിട്ടില്ല. രണ്ടാഴ്ചയായി ഓഫീസ് മാറ്റത്തിനുവേണ്ടി ചാക്കുകളില്‍ കെട്ടിവച്ചിരുന്ന ഫയലുകള്‍ ലോറിയില്‍ കയറ്റി പുതിയ ഓഫീസിലേക്ക് എത്തിച്ചു. കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ പൂര്‍ണമായി സജ്ജമാക്കിയിട്ടില്ല. പുതിയ കെട്ടിടത്തില്‍ ഓഫീസ് പൂര്‍ണതോതിലാകാന്‍ ഇനി ദിവസങ്ങളെടുത്തേക്കും.
മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും കോടതികളും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിവരികയാണ്.കെട്ടിടം അപകട ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഓഫീസുകള്‍ ഒഴിയാന്‍ ജില്ലാ കളക്ടര്‍ നല്‍കിയിരുന്ന അന്ത്യശാസന കാലാവധി പൂര്‍ത്തിയായെങ്കിലും പുതിയ കെട്ടിടങ്ങള്‍ കണ്ടെത്താനാകാതെ വന്നതോടെ ഓഫീസ് മാറ്റം നീണ്ടുപോയിരുന്നു. കോടതികള്‍ താമസിയാതെ ബിഎസ്എന്‍എല്‍ കെട്ടിടത്തിലേക്ക് മാറ്റും.
Tags : NattuVishasham DistrictNews