ബിരിയാണി ചലഞ്ച് നടത്തിയപ്പോള്‍.
തോട്ടുമുക്കം: കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ ധനസമാഹരണത്തിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ഫൊറോനയിലെ വിവിധ കത്തോലിക്ക കോൺഗ്രസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ചലഞ്ച് സംഘടിപ്പിച്ചത്. ഷാജി മറ്റകാടിന്റെ നേതൃത്വത്തിൽ തോട്ടുമുക്കം ഹോണസ്റ്റി കാറ്ററിംഗ്സ് സൗജന്യമായി ബിരിയാണി ഉണ്ടാക്കി നല്കി.
മാതൃസംഘം കെസിവൈഎം, പാരിഷ് കൗൺസിൽ അംഗങ്ങൾ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയായിരുന്നു പരിപാടി. തോട്ടുമുക്കം ഫൊറോന ഡയറക്ടർ ഫാ. ബെന്നി കാരക്കാട്ടിന്റെയും അസി. വികാരി ഫാ. സൂരജ് എസ്ജെയുടെയും നേതൃത്വത്തിൽ ആയിരുന്നു സംഘാടനം. കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം ഫൊറോന പ്രസിഡന്റ് ജയിംസ് തൊട്ടിയിൽ ചെയർമാനായും ഫൊറോന സെക്രട്ടറി കെ.കെ. ജോർജ് കൊച്ചുപുരയ്ക്കൽ വൈസ് ചെയർമാനായും ഷാജു പനയ്ക്കൽ, ജിയോ വെട്ടുകാട്ടിൽ എന്നിവർ ജനറൽ കൺവീനർമാരായും സെബാസ്റ്റ്യൻ പൂവത്തുംകുടിയിൽ പബ്ലിസിറ്റി വിഭാഗം കൺവീനറായും സാബു വടക്കേപടവിൽ ഫിനാൻസ് കൺവീനറുമായുമുള്ള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചു.
പലഹാര മേള സംഘടിപ്പിച്ചു
പശുക്കടവ്: കല്ലുരുട്ടിയിലെ എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാ സഹായാർഥം പശുക്കടവ് ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്നും വിവിധ പലഹാരങ്ങൾ തയാറാക്കി വരികയും അത് സ്കൂളിലെ മറ്റു കുട്ടികൾക്ക് വിൽക്കുകയും ചെയ്തു കൊണ്ടാണ് ചികിത്സ സഹായത്തിന് ആവശ്യമായ ധന സമാഹരണം നടത്തിയത്.
പലഹാര മേളയിലൂടെ ലഭിച്ച പണം ചികിത്സ സഹായത്തിനായി ആരംഭിച്ച അക്കൗണ്ടിൽ നിക്ഷേപിച്ചു. പ്രധാന അധ്യാപകൻ വിശാഖ് തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടെൻസൻ ജോസഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അഭിലാഷ് കെ. ബാബു, അമന്റ് ജോർജ്, സ്കൂൾ ലീഡർ നേത്യ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചികിത്സാ സഹായം കൈമാറി
കൂമ്പാറ: എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായ നിധിയിലേക്ക് 70,102 രൂപ സംഭാവന നൽകി കൂമ്പാറ കൂട്ടായ്മ മാതൃകയായി. കൂമ്പാറയിലെയും പരിസരപ്രദേശങ്ങളിലെയും ഗായകരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യയോടനുബന്ധിച്ച് നടത്തിയ ഉത്പന്ന ലേലത്തിലൂടെയും ബക്കറ്റ് പിരിവിലൂടെയുമാണ് തുക സമാഹരിച്ചത്.
സമാഹരിച്ച തുക ചികിത്സാ സഹായ സമിതി ഓഫിസിലെത്തി ഭാരവാഹികൾക്ക് കൈമാറി. മുൻ എംഎൽഎ ലിന്റോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, വാർഡ് അംഗം സക്കീന സലിം, വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, നിസാമുദ്ദീൻ കൂമ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായധനം കൈമാറിയത്.
Tags : Thottumukkam Forane with a Biryani Challenge Biryani Challenge NattuVishesham DiോstrictNews