എം.പി. മനോജ്
ചെങ്ങന്നൂർ: എംസി റോഡിൽ ഗവ. ആശുപത്രി ജംഗ്ഷനു സമീപം ട്രാൻസ്ഫോർമർ ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചേർത്തല മുഹമ്മ തോട്ടത്തുശേരി എം.പി. മനോജ് (52) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഏഴരയോടെ കൊട്ടാരത്തിൽ പടിക്ക് സമീപമായിരുന്നു സംഭവം.
പ്രദേശത്തെ ലൈനിലെ വോൾട്ടേജ് കുറവും സ്പാർക്കിംഗും പരിഹരിക്കുന്നതിനായി പോസ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം. ലൈൻ ഓഫ് ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് കയറിയതെങ്കിലും എർത്ത് ലൈൻ വഴി അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതാണ് (ബാക്ക് ഫീഡിംഗ്) ദുരന്തത്തിന് കാരണമായത്.
വലതുകൈയിലെ വിരലുകൾക്കിടയിൽ കടുത്ത ഷോക്കേറ്റ മനോജ്, ആഘാതത്തിൽ തെറിച്ച് തല പോസ്റ്റിന്റെ കമ്പിയിലിടിച്ച് താഴേക്കു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സബ് എൻജിനിയർ ബിജുവും പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Dies