വെള്ളറട: കാരക്കോണം ജംഗ്ഷ നില് കെഎസ്ആര്‍ടിസി ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച് ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കുന്നത്തുകാല്‍ ഗവണ്മെന്റ് യു.പി. സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസിലാണു കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്.
വിദ്യാര്‍ഥികളായ വൈഗ, ആയുഷ്, കാര്‍ത്തിക, ബിന്‍ഷാദ് എന്നിവര്‍ക്ക് കൈയ്ക്കും കാലിനും ജെയ്സണ്‍ ജോസഫ്, കാശിനാഥന് എന്നിവര്‍ക്ക് തലയ് ക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാവിലെയായിരു ന്നു അപകടം. അപകടസമയത്ത് സ്കൂള്‍ ബസിനുള്ളില്‍ ഇരുപതോളം വിദ്യാര്‍ഥികളുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നും കാട്ടാക്കട, മയിലച്ചല് വഴി കളിയിക്കാവിളയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാരക്കോണം ജംഗ്ഷനിൽവച്ചു തിരിയുന്നതിനിടയിലാണ് സ്കൂള്‍ ബസിലേക്ക് ഇടിച്ചുകയറിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വന്‍ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും വ്യാപാരികളും മറ്റു വാഹനയാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍നിന്നും കുട്ടികളെ അതിവേഗം പുറത്തെത്തിക്കാനായതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വെള്ളറട പോലീസ് ഗതാഗതം പുനഃസ്ഥാപിക്കുകയും കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.
നിവേദനം നല്കി
കാരക്കോണം ജംഗ്ഷനിലും പരിസരങ്ങളിലുമായി നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികളും പൊതുജനങ്ങളും നിത്യേന ആശ്രയിക്കുന്ന ഈ മേഖലയില്‍ സുരക്ഷ ശക്തമാക്കുന്നതിനായി ഒരു പോലീസ് എയ് ഡ് പോസ്റ്റ് അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വാഹനങ്ങളുടെ അമിതവേഗതയും തുടരെയുള്ള ഗതാഗതക്കുരുക്കും നിയന്ത്രിക്കാന്‍ പോലീസിന്റെ സ്ഥിരം സന്നിധ്യം ഇവിടെ ആവശ്യമാണ്. പ്രദേശത്തെ റോഡ് വികസനത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഇടപെടലുകള്‍ നടക്കുന്നുണ്ട്.
ഇതിന്റെ തുടര്‍ച്ചയായി, വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി കാരക്കോണത്ത് അടിയന്തരമായി പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പ്രദേശവാസി കൾ നിവേദനം നൽകി.