എംഎൽഎയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന പരിശോധന.
വടക്കഞ്ചേരി: കെഎസ്ആർടിസി ബസുകളെല്ലാം വടക്കഞ്ചേരി ടൗണിലെ ഇന്ദിരാ പ്രിയദർശിനി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറിപ്പോകുന്നതിനുള്ള സൗകര്യം ഒരുക്കാൻ ഇന്നലെ ചേർന്ന ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗം തീരുമാനിച്ചു.
ദീർഘദൂര ബസുകൾ ഉൾപ്പെടെ വടക്കഞ്ചേരി ടൗണിലൂടെ പോകുന്നതിനാണ് സൗകര്യമൊരുക്കുക. ഇതിനായി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്റ്റേജിനടുത്ത് പഞ്ചായത്ത് സൗകര്യമൊരുക്കും.
യാത്രക്കാർക്ക് വിശ്രമമുറി, കാന്റീൻ,ടോയ്ലറ്റ് ഉൾപ്പെടെയാണ് സജീകരിക്കുക. പഞ്ചായത്ത് കെട്ടിടത്തിലെ മുറികൾ ഇതിനായി പ്രയോജനപ്പെടുത്തും. പി.പി. സുമോദ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇല്യാസ് പടിഞ്ഞാറെക്കളം, പി.കെ. ഗുരു, ബേബി മുല്ലമംഗലം, അലി, ട്രാൻസ്പോർട്ട് ഓഫീസർ കെ.വി. അനിൽകുമാർ, സൂപ്രണ്ട് ഇൻചാർജ് കെ. അനിൽകുമാർ, ഡിപ്പോ ഇൻസ്പെക്ടർ ഷമ്മി ഗഫൂർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം ഇന്നലെ സ്ഥലം പരിശോധിച്ചു.
ഇന്നുമുതൽ ബസുകൾ വന്നുപോകുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുമെന്നു കെഎസ്ആർടിസി സൂപ്രണ്ട് ഇൻചാർജ് കെ. അനിൽകുമാർ പറഞ്ഞു.
സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കാൻ വടക്കഞ്ചേരി- പാലക്കാട് റൂട്ടിൽ കൂടുതൽ പ്രിയദർശിനി ബസുകൾ ഓടിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
കെഎസ്ആർടിസി ഡിപ്പോയിൽ അടിയന്തിരമായി ചെയ്യേണ്ട നവീകരണ പ്രവർത്തനങ്ങളും നടത്തും.
കെഎസ്ആർടിസി യാത്രക്കാർക്ക് മികച്ച സൗകര്യം ഏർപ്പെടുത്തണമെന്ന പുതിയ സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് കെഎസ്ആർടിസി ഡിപ്പോകളുള്ള സ്ഥലങ്ങളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ച് ഡിപ്പോയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
അതാത് ഡിപ്പോ ആസ്ഥാനങ്ങളിലെ എംഎൽഎമാർ ചെയർമാനും ട്രാൻസ്പോർട്ട് ഓഫീസർ കൺവീനറും നിയമസഭയിൽ പ്രാധിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ അംഗങ്ങളുമായതാണ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി.
Tags : Local News Nattuvishesham KSRTC buses Vadakkancheri private stand