മണ്ണാർക്കാട്: മണ്ണാർക്കാട് കെഎസ്ആർടിസി സബ് ഡിപ്പോയിൽനിന്ന് മലയോര മേഖലയായ മൈലാംപാടം, കണ്ടമംഗലം, തിരുവിഴാംകുന്ന്, എടത്തനാട്ടുകര മേഖലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിൽ തിരുവഴാംകുന്നിലേക്കും എടത്തനാട്ടുകരയിലേക്കും ഓരോ കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
കണ്ടമംഗലം, മൈലാംപാടം മേഖലകളിലേക്കു കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. മലയോര മേഖലകളിൽനിന്നു നൂറുകണക്കിനുപേരാണ് ജോലിക്കും സ്കൂളുകളിലേക്കും മറ്റുമായി മണ്ണാർക്കാടെത്തുന്നത്. ഇവർക്ക് സുഖവുമായ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രിയദർശനി പദ്ധതികൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയതോടെ ആവശ്യം ശക്തമായിരിക്കുകയാണ്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലേക്കും കോളജുകളിലേക്കും മറ്റുമായി നൂറുകണക്കിനു നിർധനരായ സ്ത്രീകളും വിദ്യാർഥിനികളുമാണ് നഗരത്തിലെത്തുന്നത്.
കെഎസ്ആർടിസി ബസ് അനുവദിക്കുകയാണെങ്കിൽ സൗജന്യമായി ഇവർക്ക് മണ്ണാർക്കാടെത്താനാവും. പദ്ധതിയുടെ യഥാർഥ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കാൻ മലയോര മേഖലയിലേക്കു കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് ആരംഭിച്ചാൽ സാധിക്കും. ഈ ആവശ്യവുമായി മന്ത്രി എൻ. ഷംസുദ്ദീനെ സമീപിച്ച് നിവേദനം നൽകാനും മലയോര മേഖലയിലുള്ളവർ തീരുമാനിച്ചിട്ടുണ്ട്.
Tags : KSRTC Nattuvishesham District News